സിനിമ കണ്ട് മടങ്ങവെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : സിനിമ കണ്ടു മടങ്ങവെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിന് മുന്‍പിലാണ് അപകടം നടന്നത്. വടക്കേ ആലപ്പുഴ തണ്ണീര്‍മുക്കം ചെറുവാരണം നെടുമംഗലത്ത് ഉണ്ണിക്കുട്ടന്‍ (33) ആണ് മരിച്ചത്. കഴക്കൂട്ടം കിന്‍ഫ്രയിലെ സ്വകാര്യ ഐസ്‌ക്രീം കമ്പനിയിലെ സീനിയര്‍ അക്കൗണ്ടന്റ് ആണ് ഉണ്ണിക്കുട്ടന്‍.

സിനിമ കണ്ടു മടങ്ങുകയായിരുന്ന ഉണ്ണിക്കുട്ടനും സുഹൃത്ത് പ്രിന്‍സും സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിന്നിലിരുന്ന ഉണ്ണിക്കുട്ടന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ കഴക്കൂട്ടം പൊലീസെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉണ്ണിക്കുട്ടന്‍ പുലര്‍ച്ചയോടെ മരിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം വൈകിട്ട് ആറ് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

error: Content is protected !!