മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കോട്ടയ്ക്കല്‍ പോളിടെക്നിക്കില്‍ നിയമനം

കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ സി.ഡി.ടി.പി സ്‌കീമിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും സോഷ്യല്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും സാമൂഹിക സേവനത്തില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കുള്ള യോഗ്യത. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ ഡിപ്ലോമ, സാമൂഹിക സേവനത്തില്‍ പ്രവൃത്തി പരിചയം എന്നിവ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയുടെയും പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ സാമൂഹിക സേവനത്തില്‍ പ്രവൃത്തിപരിചയം എന്നിവ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കസള്‍ട്ടന്റ് തസ്തികയുടെയും യോഗ്യതകളാണ്. മൂന്ന് തസ്തികകള്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യമാണ്. അഭിമുഖം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് പോളിടെക്‌നിക് കോളേജില്‍ നടക്കും. ഫോണ്‍: 0483 2750790.

————————————————

ടെന്‍ഡര്‍ ക്ഷണിച്ചു

സമഗ്ര ആരോഗ്യഭേരി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ലാബ് നെറ്റ് വര്‍ക്കിംഗിനും ട്രാന്‍സ്‌പോര്‍ട്ടേഷനുമായി ടീമിന് യാത്ര ചെയ്യാന്‍ വാഹനം കരാറടിസ്ഥാനത്തില്‍ നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. രണ്ട് വാഹനങ്ങളാണ് ആവശ്യമുള്ളത്. ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് മുമ്പ് ടെന്‍ഡര്‍ ഫോറം ലഭിക്കണം. ഡിസംബര്‍ 30ന് വൈകുന്നേരം മൂന്നുമണിക്ക് ടെന്‍ഡറുകള്‍ തുറക്കും. ടെന്‍ഡറുകള്‍ കവറിന് പുറത്ത് ആരോഗ്യഭേരി പദ്ധതി-വാഹനം ലഭ്യമാക്കുന്നതിനുള്ള ടെന്‍ഡര്‍-D1/11676/2023 എന്നെഴുതി ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം) മലപ്പുറം, സിവില്‍ സ്റ്റേഷന്‍, ബി-3 ബ്ലോക്ക്, പിന്‍ 676505 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0483 2736241.

———————————————

ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും’: മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു

കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി മൂന്ന് മേഖലകളിലായി ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ദ്വിദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി മൂന്നാം മേഖലാ ശില്‍പശാല കണ്ണൂര്‍ ഹോട്ടല്‍ സ്‌കൈ പാലസില്‍ 2024 ജനുവരി 10, 11 തിയതികളില്‍ നടക്കും. ബാലനീതി സംബന്ധിച്ച അന്തര്‍ദേശീയ, ദേശീയ നിയമങ്ങള്‍ സംബന്ധിച്ച് ശില്‍പശാലയില്‍ വിദഗ്ധര്‍ സംസാരിക്കും. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി ബാലനീതി സംബന്ധമായ വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടുപിടിക്കാമെന്നതില്‍ വിദഗ്ദ്ധ പരിശീലനവും ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. താമസവും, ഭക്ഷണവും അക്കാദമി ഒരുക്കുന്നതാണ്.

പ്രസ്തുത പരിപാടിയിലേക്ക് ഈ വിഷയത്തില്‍ തത്പരരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് https://forms.gle/ULra5tYMyPLw9cFa9 ലിങ്കിലൂടെയോ / www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെയോ ജനുവരി 8-ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യാം.

——————————————-

വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 2023 മെയ് ബാച്ച് വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. എസ്. ശ്രേയസ് ഒന്നാം റാങ്കും യു. അനശ്വര രണ്ടാം റാങ്കും പി.കെ പ്രജുല്‍, എ. ശ്രീജിത്ത് എന്നിവര്‍ മൂന്നാം റാങ്കും നേടി. എസ്. ശ്രേയസ് എസ് തിരുവനന്തപുരം വഞ്ചിയൂര്‍ ഇടത്തട്ടില്‍ വീട്ടില്‍ ശ്രീകുമാറിന്റേയും പ്രേംകലയുടേയും മകനാണ്. അനശ്വര കൊല്ലം മീനാട് അനശ്വരം വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടേയും ഉഷാകുമാരിയുടേയും മകളാണ്. പി.കെ പ്രജുല്‍ മലപ്പുറം വള്ളിക്കുന്ന് പൊതുംകുഴിക്കാട്ടില്‍ പ്രകാശന്റേയും മല്ലികയുടേയും മകനും എ. ശ്രീജിത്ത് അരുവിക്കര കരികുഴി മേടയില്‍ വീട്ടില്‍ അജികുമാറിന്റേയും ശാന്തിയുടേയും മകനുമാണ്. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org ല്‍ ലഭിക്കും.

അധ്യാപക നിയമനം

മഞ്ചേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുളള എച്ച്.എസ്.ടി. മാത്തമാറ്റിക്‌സ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്കാണ് നിയമനം. ജനുവരി ഒന്നിന് (തിങ്കള്‍) രാവിലെ 10.30 ന് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. താത്പര്യമുളള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം. ഫോണ്‍ : 0483 2766185, 9447320560, e-mail : thsmji@gmail.com.

—————–

ലേലം ചെയ്യും

വാറണ്ട് പ്രകാരമുള്ള കുടിശ്ശിക ഈടാക്കുന്നതിന് ജപ്തി ചെയ്ത തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂര്‍ വില്ലേജ് പെരുവള്ളൂര്‍ അംശം ബ്ലോക്ക് 9 റീസര്‍വേ 235/23ല്‍പെട്ട 0.0720 ഹെക്ടര്‍ സ്ഥലം സകലവിധ കുഴിക്കൂര്‍ ചമയങ്ങളുമടക്കം ജനുവരി 24ന് രാവിലെ 11 മണിക്ക് പെരുവള്ളൂര്‍ വില്ലേജ് ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.

—————-

അംശദായം അടക്കണം

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ക്ഷേമനിധി കുടിശ്ശികയുടെ ഒന്നിച്ചുളള അടവ് ഒഴിവാക്കുന്നതിനായി അംശദായം കൃത്യസമയത്തിനുള്ളില്‍ത്തന്നെ അടക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ കാലതാമസം കൂടാതെ ഓഫീസില്‍ സമര്‍പ്പിക്കണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

——————

നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു നഴ്‌സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകര്‍ ആരോഗ്യവകുപ്പിലോ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലോ നഴ്‌സിംഗ് അസിസ്റ്റന്റായി വിരമിച്ച 65 വയസ് തികയാത്ത ആരോഗ്യവാന്‍മാരായിരിക്കണം. അഭിമുഖം 28ന് രാവിലെ 10.30ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2701029.

error: Content is protected !!