
പത്തനംതിട്ട : കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊല. പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു. കലഞ്ഞൂര്‍പാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവി(27) ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണു(34) എന്നിവരെയാണ് വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ അവിഹിത ബന്ധം സംശയിച്ചാണെന്ന് എഫ്‌ഐആറില്‍ പറയുന്നു.
അതേസമയം പ്രതി ബൈജുവിന്റെ മൊഴി പുറത്ത് വന്നിട്ടുണ്ട്. ഭാര്യ വൈഷ്ണയ്ക്ക് രഹസ്യ ഫോണ്‍ ഉണ്ടായിരുന്നു. അത് ഇന്നലെ രാത്രി ബൈജു കണ്ടെത്തി. വാട്‌സാപ്പ് ചാറ്റില്‍ വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായെന്നും മൊഴി. തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ ഇതേചൊല്ലി വഴക്കുണ്ടായി. അക്രമം ഭയന്ന് വൈഷ്ണ, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചാണ് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.
വഴക്കിനെത്തുടര്‍ന്ന് വിഷ്ണുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് ബൈജു സിറ്റൗട്ടില്‍ ഇട്ടു കൊടുവാള്‍ കൊണ്ട് വൈഷ്ണവിയെ വെട്ടിയത്. ശേഷം വിഷ്ണുവിനെ വിളിച്ചിറക്കി വെട്ടിയെന്നുമാണ് പൊലീസ് പറയുന്നത്. വൈഷ്ണവി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് രണ്ടുപേരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം നടത്തിയ ശേഷം ബൈജു സുഹൃത്തുക്കളെ ഇക്കാര്യം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.