
പത്തനംതിട്ട: ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരവധി തവണ ലൈംഗിക പീഢനത്തിനിരയാക്കിയ കേസില്‍ യുവാവിന് 77 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. പത്തനംതിട്ട പ്രമാടം ഇളകൊള്ളൂര്‍ കളര്‍ നില്‍ക്കുന്നതില്‍ സോമന്‍ മകന്‍ സുനിലിനെ(27)യാണ് പത്തനംതിട്ട പോക്‌സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്. പ്രതിക്ക് 77 വര്‍ഷം കഠിന തടവിന് പുറമെ മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാല്‍ ഒന്നര വര്‍ഷം അധിക കഠിന തടവും ഒടുക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
2019ലാണ് കേസിന് ആസ്പദമായ സംഭവം. ബന്ധുവായ 14 കാരിയെ പ്രതി ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭയം മൂലം പെണ്‍കുട്ടി അന്ന് വിവരം പുറത്തു പറഞ്ഞിരുന്നില്ല. 2022ല്‍ പ്രതി വീണ്ടും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നപ്പോഴാണ് ഇരയായ പെണ്‍കുട്ടി ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയോട് വിവരം പറയുന്നത്. തുടര്‍ന്ന് ഈ പെണ്‍കുട്ടി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വനിതാ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ. ആര്‍ ലീലാമ്മയ്ക്കായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ: ജയ്‌സണ്‍ മാത്യൂസ് ഹാജരായി.