നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ള സുരക്ഷാസംഘത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി : നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍, സുരക്ഷ ഉദ്യോഗസ്ഥന്‍ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദേശം. കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് നല്‍കിയ ഹര്‍ജിയില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ജോലിയുടെ ഭാഗമായുള്ള പ്രവര്‍ത്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടേത് സ്വാഭാവിക നടപടിയെന്നായിരുന്നു മുഖ്യമന്ത്രിപറഞ്ഞത്.

error: Content is protected !!