
യൂത്ത് ലീഗ് ദേശീയ ഫണ്ട് ക്യാമ്പയിൻ
‘ഇംദാദ്’
20ന് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണ ക്യാമ്പയിൻ ‘ഇംദാദ്‘ സെപ്റ്റംബർ 20ന് രാവിലെ 9 മണിക്ക് മുസ്ലിം ലീഗ് പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സപ്റ്റംബർ 20 മുതൽ 30 വരെ മൊബൈൽ ആപ്പ് വഴി നടക്കുന്ന ഫണ്ട് ക്യാമ്പയിൻ്റെ ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഫാസിസ്റ്റ് വാഴ്ച്ചയുടെ കാലത്ത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തിയ ഇടപെടലുകളും സമരങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യൂത്ത് ലീഗ് പ്രവർത്തനം ശക്തിപ്പെടുത്തുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവർത്തകരെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ ലോക് തന്ത്ര് മാർച്ചിൻ്റെ വിജയം അതിൻ്റെ തെളിവാണ്. പുതിയ നേതൃത്വത്തിൻ്റെ കീഴിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് യൂത്ത് ലീഗ് ആസൂത്രണം ചെയ്യുന്നത്. അതിന് കരുത്തു പകരുന്ന രൂപത്തിൽ പ്രവർത്തന ഫണ്ട് ക്യാമ്പയിൻ വൻ വിജയമാക്കാൻ സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരും നേതാക്കളും ഫണ്ട് ക്യാമ്പയിനിൽ കർമ്മനിരതരാകണമെന്ന് തങ്ങൾ അഭ്യർത്ഥിച്ചു.
മലപ്പുറം ജില്ല മുസ്ലിം ലീഗ് ഓഫിസിൽ നടന്ന ചടങ്ങിൽ
യൂത്ത് ലീഗ്
ദേശീയ ജനറൽ സെക്രട്ടറി ടിപി അഷ്‌റഫലി, സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, സെക്രട്ടറി സികെ ശാക്കിർ, വൈസ് പ്രസിഡന്റ് ആശിഖ് ചെലവുർ, മലപ്പുറം ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ, ദേശീയ സമിതി അംഗം മുഹമ്മദലി ബാബു സംബന്ധിച്ചു.