പരപ്പനങ്ങാടി : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി തഅലിമുല്‍ ഇസ്ലാം ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി. കിണറ്റിങ്ങലകത്ത് യൂനുസിന്റെയും റാഷിദയുടെയും മകള്‍ യുംന ഹസീനാണ് വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്കായി തന്റെ സമ്പാദ്യകുടുക്കയിലെ തുക കൈമാറി മാതൃകയായത്.
തന്റെ കുഞ്ഞനിയന് കളിപ്പാട്ടങ്ങളും, പുത്തന്‍ വസ്ത്രങ്ങളും വാങ്ങുന്നതിന് വേണ്ടി ശേഖരിച്ച ഒന്നര വര്‍ഷത്തെ തന്റെ സമ്പാദ്യം വയനാട്ടിലെ എല്ലാം നഷ്ടമായ കൂട്ടുകാര്‍ക്ക് പഠനസാമഗ്രിഹകള്‍ വാങ്ങാന്‍ ഉപയോഗിക്കണമെന്നാണ് യുംന എന്ന കൊച്ചു മിടുക്കിയുടെ ആഗ്രഹം.
വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ കിറ്റ് ശേഖരത്തിനായുള്ള പദ്ധതിയിലേക്കാണ് തുക നല്‍കിയത്. സ്‌കൂള്‍ അധികൃതരുടെ സാന്നിധ്യത്തില്‍ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫീസര്‍ അനിത ടീച്ചറെ കുടുക്ക ഏല്പിച്ചു. കഴിഞ്ഞ ദിവസം വയനാട്ടിലെ ഉരുള്‍പൊട്ടലിനെക്കുറിച്ച് അധ്യാപകര്‍ ക്ലാസ്സില്‍ കുട്ടികളോട് സംസാരിക്കുകയും, അവരെ ചേര്‍ത്ത് പിടിക്കേണ്ട ആവശ്യകതയെക്കുറിച്ച് പറയുകയും ചെയ്തതാണ് കുഞ്ഞു യുംനക്ക് പ്രചോദനമായത്.