
കൊച്ചി: സൂംബ വിവാദത്തില്‍ അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്റഫിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. സംഭവത്തില്‍ അധ്യാപകന്റെ വിശദീകരണം കേള്‍ക്കണമെന്നും നടപടി പുനഃപരിശോധിക്കണമെന്നും മാനേജമെന്റിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ടി കെ അഷ്‌റഫ് സമര്‍പ്പിച്ചിട്ടുള്ള കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടിയും മാനേജര്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. കാരണംകാണിക്കാന്‍ ജൂലൈ 5 വരെ സമയമുണ്ടായിട്ടും തനിക്കെതിരെ ഉണ്ടായത് തിടുക്കപ്പെട്ട നടപടിയാണെന്നാണ് അധ്യാപകന്‍ കോടതിയില്‍ വാദിച്ചത്. ജൂലൈ 2നാണ് സ്‌കൂള്‍ മാനേജര്‍ ടി കെ അഷ്റഫിന് മെമോ നല്‍കിയത്. ഇത് നീതിലംഘനമാണെന്നും അധ്യാപകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടിയിലേക്ക് കടന്നതെന്ന് ടി കെ അഷ്റഫ് കോടതിയെ ബോധിപ്പിച്ചിരുന്നു. മെമോ നല്‍കിയതിന്റെ പിറ്റേ ദിവസം നടപടിയെടുത്തെന്നും അഷറഫിന്റെ വാദം കേട്ടില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.
സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബക്കെതിരെ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പിന്നാലെ വിദ്യഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ടി കെ അഷ്റഫിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്മെന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. സര്‍ക്കാരിനെയും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം ടി കെ അഷ്‌റഫ് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയെന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കത്തില്‍ ചൂണ്ടികാട്ടിയിരുന്നു.