
മലപ്പുറം : എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകളായ 12 പേര്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വര്‍ഷങ്ങളായി അക്കൗണ്ട് ഉള്ളവരാണ് പരാതിക്കാര്‍. ബാങ്കില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുള്ളവരാണെന്നും ബാങ്കില്‍ വരണമെന്നുമുള്ള നിരന്തരമായ ഫോൺ വിളിയെത്തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ആവശ്യമില്ലാത്തവര്‍ പോലും ക്രെഡിറ്റ് കാര്‍ഡിനായി ബാങ്കിലെത്തി ബാങ്ക് മാനേജരുടെ നിര്‍ദ്ദേശപ്രകാരം ക്രെഡിറ്റ് കാര്‍ഡ് സര്‍വീസ് നല്‍കുന്ന കൗണ്ടര്‍ മുഖേന അപേക്ഷ നല്‍കി. തുടര്‍ന്ന് കാര്‍ഡ് ആവശ്യമില്ലാത്തവരും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലൂടെ അധികമായി പണം പോകുന്നു എന്ന് കണ്ടെത്തിയവരും കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് കിട്ടുന്നതിനായി ബാങ്കിനെ സമീപിച്ചു. ക്രെഡിറ്റ് കാര്‍ഡ് സെക്ഷന്‍ ചുമതല വഹിക്കുന്ന സ്റ്റാഫിനെ കാണുന്നതിനാണ് നിര്‍ദ്ദേശിച്ചത്.
ബാങ്കില്‍ നിന്നും നിര്‍ദ്ദേശിച്ച എല്ലാ വിവരങ്ങളും പരാതിക്കാര്‍ നല്‍കുകയും പരാതിക്കാരുടെ കാര്‍ഡ് ക്യാന്‍സല്‍ ചെയ്തു എന്നായിരുന്നു ക്രെഡിറ്റ് കാര്‍ഡ് ചുമതയുള്ള ബാങ്ക് സ്റ്റാഫ് പരാതിക്കാരോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നും പരാതിക്കാരുടെ അക്കൗണ്ടില്‍ നിന്നും പരാതിക്കാര്‍ അറിയാതെ പണം നഷ്ടപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് ജീവനക്കാരനായി പ്രവര്‍ത്തിച്ചയാള്‍ നിരവധി പേരുടെ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി പരാതിക്കാര്‍ മനസ്സിലാക്കിയത്. എസ്.ബി.ഐ കാര്‍ഡ് അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാര്‍ക്ക് നോട്ടീസും ലഭിക്കുകയുണ്ടായി, തുടര്‍ന്നാണ് പരാതിക്കാര്‍ ഉപഭോക്തൃ കമ്മീഷന് പരാതി നല്‍കിയത്.
അന്യായമായി അക്കൗണ്ടില്‍ നിന്നും എടുത്തു മാറ്റിയ തുക തിരിച്ചു നല്‍കണമെന്നും പരാതിക്കാര്‍ ഉപയോഗിച്ചിട്ടില്ലാത്ത കാര്‍ഡിന്റെ പേരില്‍ പണം അടയ്ക്കാന്‍ പരാതിക്കാര്‍ക്ക് ബാധ്യതയില്ലെന്നും ഉചിതമായ നഷ്ടപരിഹാരം വേണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എസ്.ബി.ഐ കാര്‍ഡ് ആന്‍ഡ് പെയ്‌മെന്റ് സര്‍വീസസ് ലിമിറ്റഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ക്രെഡിറ്റ് കാര്‍ഡ് സ്റ്റാഫും കമ്മീഷനില്‍ ഹാജരായി ആരോപണങ്ങള്‍ നിഷേധിച്ചു. എസ്.ബി.ഐയും ക്രെഡിറ്റ് കാര്‍ഡും തമ്മില്‍ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്തമായ കമ്പനികള്‍ ആണെന്നും ക്രെഡിറ്റ് കാര്‍ഡിന്റെ വീഴ്ചയ്ക്ക് ബാങ്കിന് ഉത്തരവാദിത്തമില്ലെന്നും എസ്.ബി.ഐ കമ്മീഷനില്‍ വാദിച്ചു.
തിരൂരങ്ങാടി ടുഡേ
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/I3uLa353uI84OrW0fzQs9Q?mode=r_t
എസ്.ബി.ഐ കാര്‍ഡിന്റെ ജീവനക്കാരന്‍ ആയിരുന്നില്ല തട്ടിപ്പ് നടത്തിയ ദലീല്‍ എന്നും റാന്‍ഡ് സ്റ്റഡ് സ്ഥാപനത്തിന്റെ ജീവനക്കാരനായിരുന്നു എന്നും വീഴ്ചയ്ക്ക് എസ്.ബി.ഐ കാര്‍ഡിന് ബാധ്യത ഇല്ലന്നും കമ്മീഷനില്‍ ബോധിപ്പിച്ചു. ദലീല്‍ മുഖേന 40 ക്രെഡിറ്റ് കാര്‍ഡ് ക്രമക്കേടുകള്‍ കണ്ടെത്തുകയും അന്വേഷണത്തില്‍ ആറ് പരാതികള്‍ ശരിയെന്ന് കണ്ടെത്തി പരിഹരിക്കാന്‍ തീരുമാനിച്ചുവെന്നും ശേഷിക്കുന്ന 34 പരാതികളില്‍ പരാതിക്കാരുടെ വീഴ്ച കാരണം പണം നഷ്ടപ്പെട്ടതിനാല്‍ പരിഹരിക്കാന്‍ ആയില്ലെന്നും ക്രെഡിറ്റ് കാര്‍ഡ് ബോധിപ്പിച്ചു. പണം നഷ്ടപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കിയും ദലീലിന്റെ ആസ്തികള്‍ കണ്ടുകെട്ടിയും പണം വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും വാദിച്ചു.
പരാതി അടിസ്ഥാന രഹിതമാണെന്നും താന്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന്റെ ജീവനക്കാരന്‍ മാത്രമാണെന്നും ആണ് ദലീല്‍ ബോധിപ്പിച്ചത്. പരാതിക്കാരും എതിര്‍കക്ഷികളും ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച കമ്മീഷന്‍ എതിര്‍കക്ഷികളുടെ വാദങ്ങള്‍ നിരാകരിച്ചു. എസ്.ബി.ഐ കാര്‍ഡ്സും എസ്.ബി.ഐയും രണ്ട് കമ്പനികള്‍ ആണെങ്കിലും ഒരു കാര്യത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നവരാണ് എന്ന് കമ്മീഷന്‍ കണ്ടെത്തി. എസ്.ബി.ഐ കാര്‍ഡ്സിന്റെ രൂപകല്പന തന്നെ ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ ബ്രാഞ്ചുകളില്‍ പ്രൊഡക്ട് സര്‍വീസ് സെന്ററുകള്‍ ആക്കി മാറ്റുന്നതാണെന്ന് വ്യക്തമാക്കി. രണ്ടു സ്ഥാപനത്തിന്റെയും ചെയര്‍മാനും ഡയറക്ടറും ഒരാള്‍ തന്നെയാണെന്ന് പരാതിക്കാര്‍ ബോധിപ്പിച്ചു. തിരൂരങ്ങാടി ടുഡേ.
ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ഒരേ ലോഗോയും ബാഡ്ജും ധരിച്ചു കൊണ്ടാണ് ദലീല്‍ എന്ന ജീവനക്കാരനെ പരാതിക്കാര്‍ കാണാന്‍ ഇട വന്നിട്ടുള്ളതെന്നും പരാതിയുടെ ഭാഗമായി ഹാജരാക്കിയ ദലീല്‍ എന്ന ജീവനക്കാരന്റെ ഫോട്ടോ സഹിതം ഉള്ള രേഖ കൊണ്ട് ഇത് വ്യക്തമാണെന്നും ബാങ്കില്‍ അനധികൃതമായ സേവനമാണ് ദലീല്‍ എന്ന സ്റ്റാഫ് നല്‍കിയത് എന്ന വാദം എസ്.ബി.ഐ ഉയര്‍ത്തിയിട്ടില്ല എന്നും എസ്.ബി.ഐയുടെ തന്നെ ഒരു സേവനമാണ് എസ്.ബി.ഐ കാര്‍ഡ്‌സ് എന്നും ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജീവനക്കാരനാണ് ദലീല്‍ എന്നും മനസ്സിലാക്കിയാണ് എതിര്‍കക്ഷികളുടെ സേവനം പരാതിക്കാര്‍ ഉപയോഗപ്പെടുത്തിയതെന്ന് കമ്മീഷന്‍ കണ്ടെത്തി.
അക്കൗണ്ട് സംബന്ധിയായ ഒ.ടി.പി ഉള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ ദലീല്‍ എന്ന ജീവനക്കാരന് കൈമാറിയത് എസ്.ബി.ഐയുടെയും ക്രെഡിറ്റ് കാര്‍ഡിന്റെയും ജീവനക്കാരനാണെന്ന നിലയില്‍ ആണെന്നും അതുകൊണ്ടുതന്നെ അക്കൗണ്ട് വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് നല്‍കി പരാതിക്കാര്‍ വീഴ്ച വരുത്തിയെന്ന എതിര്‍കക്ഷികളുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. ബാങ്കില്‍ നിന്നും നഷ്ടപ്പെട്ട പണവും നഷ്ടപരിഹാരവും കോടതി ചെലവുമായി 20,08,747 രൂപ പരാതിക്കാര്‍ക്ക് 45 ദിവസത്തിനകം നല്‍കണമെന്നും വീഴ്ച വന്നാല്‍ വിധി സംഖ്യക്ക് 9 ശതമാനം പലിശ നല്‍കണമെന്നും പ്രസിഡന്റ് കെ.മോഹന്‍ദാസും മെമ്പര്‍മാരായ പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷന്‍ വിധിച്ചു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ കെ.എം. കൃഷ്ണകുമാര്‍, സൈനുല്‍ ആബിദീന്‍ കുഞ്ഞി തങ്ങള്‍, അഭിലാഷ്, ബീന ജോസഫ് എന്നിവര്‍ ഹാജരായി.