Tuesday, October 14

മംഗളൂരുവിൽ 12 കിലോ കഞ്ചാവുമായി 11 മലയാളി വിദ്യാർത്ഥികൾ പിടിയിൽ

മംഗളൂരു : നഗരത്തിലെ ഒരു കോളേജില്‍ രണ്ടാം വർഷ ബിബിഎ വിദ്യാർഥികളായ 11 മലയാളി യുവാക്കളെ കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷൻ ക്രൈം ഡിറ്റക്ഷൻ സ്ക്വാഡ് അറസ്റ്റ് ചെയ്തു.

വിദ്യാർഥികളില്‍ നിന്ന് 12 കിലോയിലധികം കഞ്ചാവും 3.5 ലക്ഷം രൂപയുടെ മുതലുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ആദ്യത്ത് ശ്രീകാന്ത്, മുഹമ്മദ് അഫ്രിൻ, മുഹമ്മദ് സ്മാനിദ്, നിബിൻ ടി കുര്യൻ, മുഹമ്മദ് കെ.കെ, മുഹമ്മദ് ഹനാൻ, മുഹമ്മദ് ഷാമില്‍, അരുണ്‍ തോമസ്, മുഹമ്മദ് നിഹാല്‍ സി, മുഹമ്മദ് ജസീല്‍ വി, സിദാൻ പി എന്നിവരാണ് അറസ്റ്റിലായത്. ഇവർ കേരളത്തില്‍ നിന്നുള്ള വിദ്യാർത്ഥി കൾ ആണെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 7.45 ഓടെ റൗണ്ട് ഡ്യൂട്ടിയിലായിരുന്ന സ്ക്വാഡിലെ ഹെഡ് പൊലീസ് കോണ്‍സ്റ്റബിള്‍ പുത്തരം സിഎച്ച്‌, കോണ്‍സ്റ്റബിള്‍ മല്ലിക് ജോണ്‍ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

ലഭിച്ച വിവരമനുസരിച്ച്‌, ആദ്യത്ത് ശ്രീകാന്ത്, മുഹമ്മദ് അഫ്രിൻ, മുഹമ്മദ് സ്മാനിദ് തുടങ്ങിയ വിദ്യാർഥികള്‍ കഞ്ചാവ് വാണിജ്യാടിസ്ഥാനത്തില്‍ വാങ്ങുകയും, ഇത് പൊതുജനങ്ങള്‍ക്ക് വില്‍ക്കുക എന്ന ലക്ഷ്യത്തോടെ അത്താവറിലെ കപ്രിഗുഡ്ഡെ പള്ളിക്ക് സമീപമുള്ള കിംഗ് കോർട്ട് അപ്പാർട്ട്മെൻ്റിലെ ജി ഒന്ന് നമ്ബർ ഫ്ലാറ്റില്‍ സൂക്ഷിക്കുകയും ചെയ്തുവന്നു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, എൻ‌ഡി‌പി‌എസ് ആക്‌ട്, 1985 പ്രകാരം വിദ്യാർഥികള്‍ക്കെതിരെ കേസ് (ക്രൈം നമ്ബർ 206/2025, സെക്ഷൻ 8(സി), 20(ബി)(ii) സി) രജിസ്റ്റർ ചെയ്തു. തുടർന്ന് എസ്.ഐ ശീതള്‍ അളഗൂരും സംഘവും ചേർന്ന് അപ്പാർട്ട്മെൻ്റില്‍ റെയ്ഡ് നടത്തുകയും വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

റെയ്ഡിനിടെ, ഏഴ് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 12 കിലോ 264 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഇതിന് ഏകദേശം 2,45,280 രൂപ വിലവരുമെന്ന് കണക്കാക്കുന്നു. കൂടാതെ 2,000 രൂപ വിലമതിക്കുന്ന രണ്ട് ഡിജിറ്റല്‍ അളവ് തൂക്ക മെഷീനുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

പ്രതികളില്‍ നിന്ന് 1,05,000 രൂപ പണമുള്‍പ്പെടെ ആകെ 3,52,280 രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതായി പൊലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

error: Content is protected !!