16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 19 കാരന് തടവും പിഴയും ശിക്ഷ

മലപ്പുറം: നിലമ്പൂരില്‍ 16 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 19കാരന് അഞ്ച് വര്‍ഷവും രണ്ട് മാസവും തടവും 5,000 രൂപ പിഴയും ശിക്ഷ. പോത്തുകല്ല് സ്വദേശിയായ ഉണ്ണിക്കുട്ടനെയാണ് നിലമ്പൂര്‍ അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കും. കേസുമായി ബന്ധപ്പെട്ട് പ്രതി ജയിലില്‍ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും.

2019 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 12 മണിയോടെ പരാതിക്കാരിയുടെ വീട്ടില്‍ കയറി വീട്ടുപറമ്പിലേക്ക് പരാതിക്കാരിയെ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വഴിക്കടവ് സ്റ്റേഷന്‍ സബ് ഇന്‍ സ്പെക്ടര്‍ ആയിരുന്ന ബിഎസ് ബിനു ആണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 12 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ നടപ്പാക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

error: Content is protected !!