Thursday, September 18

പൊന്നാനിയിൽ മീൻ പിടിത്തം നടത്തുന്ന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് മുങ്ങി 2 പേർ മരിച്ചു

പൊന്നാനി :പൊന്നാനി തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് മുങ്ങി 2 പേർ മരിച്ചു, 4 പേരെ രക്ഷപ്പെടുത്തി. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിൻ്റെ ഉടമസ്ഥതയിലുള്ള ‘ഇസ്ലാഹി’ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. 6 പേർ കടലിൽ പെട്ടെങ്കിലും 4 പേരെ കപ്പലുകാർ തന്നെ രക്ഷിച്ചു. 2 പേരെയാണ് കാണാതായത്. കാണാതായ 2 പേരുടെ മൃതദേഹം ഏതാനും സമയം മുമ്പ് ലഭിച്ചു. പൊന്നാനി സ്വദേശികളായ ഗഫൂർ, സലാം എന്നിവരുടെ മൃതദേഹങ്ങൾ ആണ് ലഭിച്ചത്. ആദ്യം ഗഫൂറിന്റെയും പിന്നീട് സലാമിന്റെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ദേഹത്ത് പരിക്കുകൾ ഉള്ളതായാണ് അറിയുന്നത്. ഒരു മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ കരക്കെത്തിക്കുമെന്നാണ് വിവരം. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

error: Content is protected !!