Wednesday, September 2

സിനിമ സംഘടനകളുടെ നിസ്സഹകരണം ; അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി

കൊച്ചി : സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കുകയുള്ളൂ.

ഡേറ്റ് നല്‍കാമെന്നു പറഞ്ഞു നിര്‍മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകള്‍ക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂളുകള്‍ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചത്.

നിര്‍മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറില്‍ അമ്മയുടെ റജിസ്ട്രേഷന്‍ നമ്പര്‍ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കു റിസ്‌കെടുക്കാനാകില്ലെന്നും സംഘടനകള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്.

എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണു ഷെയ്നുമായുള്ള നിസ്സഹകരണത്തിനു കാരണമായത്. ഷെയ്ന്‍ അമ്മ അംഗമാണ്.

അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നിര്‍മാതാക്കളുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നില്ലെന്നു ഫെഫ്ക നേതൃത്വം വ്യക്തമാക്കി. താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു തങ്ങളുടെ പക്കല്‍ പട്ടികയൊന്നുമില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞത് അവരുടെ നിലപാടാണെന്നും ഫെഫ്ക ചൂണ്ടിക്കാട്ടുന്നു