Tuesday, September 1

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരിതര പരിക്ക്

തിരുവനന്തപുരം: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നഗരൂര്‍ കടവിളയില്‍ ആണ് സംഭവം. പുല്ലുതോട്ടം നാണി നിവാസില്‍ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. അപകട സമയത്ത് ഗിരിജ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഗിരിജ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവര്‍ക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്.

വീട്ടിന് പുറത്തുനില്‍ക്കുകയായിരുന്ന ഗിരിജ എല്‍.പി.ജി. ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറകു വശത്ത് അടുക്കള വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു ഗിരിജ.

ഫ്രിഡ്ജ് പൂര്‍ണമായും പൊട്ടിത്തകര്‍ന്ന് കത്തുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ ആറ്റിങ്ങല്‍ അഗ്‌നിരക്ഷാ സേനയെ അറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മനോഹരന്‍ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു.

അതേസമയം, ഗ്യാസ് സിലിണ്ടറിന് കേടുപാടുകള്‍ ഉണ്ടാകുകയോ ഗ്യാസ് ലീക്കാകുകയോ ചെയ്തതിന്റെ സൂചനകള്‍ കാണുന്നില്ലെന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫ്രിഡ്ജിന്റെ കംപ്രസര്‍ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.