Thursday, September 3

ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു ; മലപ്പുറത്ത് മലയാള അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: ക്ലാസിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ വളാഞ്ചേരിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജനാണ് അറസ്റ്റിലായത്. രണ്ടു കുട്ടികളുടെ പരാതിയിലാണ് നടപടി.

മലയാള അധ്യാപകനായ പ്രതി ലൈംഗിക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തില്‍ പല ദിവസങ്ങളില്‍ പല തവണകളിലായി കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് കുട്ടികളുടെ പരാതി. സംഭവത്തില്‍ കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് ഈ പരാതി പ്രധാന അധ്യാപികയും പിടിഎ കമ്മിറ്റിയും പൊലീസിനും ചൈല്‍ഡ്ലൈനും കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസും ചൈല്‍ഡ് ലൈനും പരാതിയുടെ അടിസ്ഥാനത്തില്‍ ജയരാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.