Thursday, September 3

തേഞ്ഞിപ്പലത്ത് 7 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും

പരപ്പനങ്ങാടി: പട്ടിക ജാതി വിഭാഗത്തില്‍പെട്ട ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച തേഞ്ഞിപ്പലം സ്വദേശിക്ക് 20 വര്‍ഷം തടവും 25,000 രൂപ പിഴയും. തേഞ്ഞിപ്പലം വാലാശേരി പറമ്പില്‍ ഷാജിയെ (47) ആണ് പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പണം അടച്ചില്ലെങ്കില്‍ ആറ് മാസം കഠിന തടവ് അനുഭവിക്കാനും ജഡ്ജി എ. ഫാത്തിമ ബീവി വിധിച്ചു.

2019 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ തേഞ്ഞിപ്പലം എസ്ഐ ബിനു തോമസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി വൈഎസ്പി ആയിരുന്ന ജലീല്‍ തോട്ടത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 18 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷമ മാലിക് ഹാജരായി.