Thursday, September 3

സിനിമാ- സീരിയല്‍ താരം അപര്‍ണ നായര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമാ- സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മരിച്ചനിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. സഞ്ജിതാണ് അപര്‍ണയുടെ ഭര്‍ത്താവ്. മക്കള്‍: ത്രയ, കൃതിക.

ആത്മസഖി, ചന്ദനമഴ, ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം, അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും അപര്‍ണ അഭിനയിച്ചു.