Thursday, September 3

മലപ്പുറത്ത് പോക്‌സോ കേസില്‍ പ്രതിയായ സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍

മലപ്പുറം : പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍. കാരക്കുന്ന് പഴേടം എഎംഎല്‍പി സ്‌കൂള്‍ മാനേജര്‍ എം എ അഷ്‌റഫിനെയാണ് അയോഗ്യനാക്കിയത്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ നിര്‍വഹിക്കുന്നതിന് മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് ചുമതല നല്‍കിയതായും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ പി രമേഷ് കുമാര്‍ ഉത്തരവില്‍ അറിയിച്ചു.

മാതാവിന്റെ സുഹൃത്തായ ഇയാള്‍ 13കാരിക്ക് മാനഹാനിയുണ്ടാക്കിയെന്ന സംഭവത്തില്‍ മാനേജര്‍ക്കെതിരെ ജൂലൈ 13ന് പോക്‌സോ വകുപ്പ് പ്രകാരം മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആലുവ സ്വദേശിയായ കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. പിന്നീട് പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതായി മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുള്ളതായും കണ്ടെത്തി.