Friday, September 4

മാലിന്യത്തോടൊപ്പം തള്ളിയ ബില്ല് ‘ചതിച്ചു’; ബേക്കറി ഉടമ കുടുങ്ങി.

തിരൂരങ്ങാടി : നന്നമ്പ്ര ചെറുമുക്ക് വയലില്‍ മാലിന്യം തള്ളിയ ബേക്കറി ഉടമക്ക് പിഴ. ചെറുമുക്ക്- കൊടിഞ്ഞി റോഡില്‍ കൃഷി ഭവന് സമീപത്തായി റോഡരികിലും വയലിലുമായി മാലിന്യം തള്ളിയ ബേക്കറി ഉടമക്കാണ് പിഴയിട്ടത്. തിരൂരങ്ങാടിയിലെ ഗോള്‍ഡന്‍ ബേക്കറി ഉടമയാണ് പെട്ടത്.

പ്രദേശത്ത് തള്ളിയ മാലിന്യം നന്നമ്പ്ര പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ചതില്‍ ബേക്കറിയുടെ ബില്ലും ബേക്കറിയിലേക്ക് സാധനങ്ങളെത്തിച്ച ബില്ലും കണ്ടെത്തുകയായിരുന്നു. ഇതോടെ ഉടമയെ കണ്ടെത്തി മാലിന്യം നീക്കം ചെയ്യിക്കുകയും 5000 രൂപ പിഴ ഈടാക്കുകയുമായിരുന്നു. മലപ്പുറം ശുചിത്വ മിഷന്‍ സ്‌ക്വാഡും പഞ്ചായത്ത് ആരോഗ്യവകുപ്പും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. ബേക്കറി ഉടമ മാലിന്യം ഒഴിവാക്കാന്‍ ഏല്‍പ്പിച്ച ഏജന്‍സി ഇവിടെ തള്ളിയതാണ് എന്നാണ് ഉടമ പറയുന്നത്.