Friday, September 4

ഉഷ്ണ തരംഗ സാധ്യത : നിര്‍ണായക തീരുമാനങ്ങളുമായി അവലോകനയോഗം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ മേയ് ആറ് വരെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണു തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 11 മണിമുതല്‍ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള പുറം ജോലികള്‍ ഒഴിവാക്കണം. അതിന് അനുസരിച്ച് സമയം ക്രമീകരിക്കണം. പാലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കും. സമ്മര്‍ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം. സ്‌കൂളുകള്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കാനാണ് തീരുമാനം.

ആസ്‌ബെസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാംപുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങളോ പരിപാടികളോ പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെ നടത്തരുത്. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ – നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തി സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം. ആശുപത്രികളുടെയും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫയര്‍ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടെന്നുതന്നെ ചെയ്യണം.