Thursday, September 3

സോഫ്റ്റ് വെയറില്‍ ഇപ്പോഴും പഴയ നിരക്ക് തന്നെ : ഒരാഴ്ചക്കകം പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ്‌വെയറില്‍ മാറ്റം വരും : ഐകെഎമ്മുമായി വീണ്ടും ചര്‍ച്ച നടത്തി നഗരസഭ

പരപ്പനങ്ങാടി : പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ് വെയറില്‍ ഒരാഴ്ചക്കകം മാറ്റം വരുമെന്ന് പരപ്പനങ്ങാടി നഗരസഭ അധികൃതര്‍ ഐകെഎമ്മുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരുമായി വീണ്ടും ചര്‍ച്ച നടത്തിയത്. സോഫ്റ്റ്‌വെയര്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ഒരാഴ്ചക്കകം തീര്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തതായി നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

പരപ്പനങ്ങാടി നഗരസഭയിലെ 2015 ലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഫയല്‍ ചെയ്ത കേസിന്‍മേലുള്ള കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ കൗണ്‍സില്‍ 2022-23 ഒന്നാം അര്‍ദ്ധ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം നികുതി പുനര്‍നിര്‍ണ്ണയിച്ച് തീരുമാനിക്കുകയും അതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌വെയറില്‍ ആവശ്യമായ മാറ്റം വരുത്തി നല്‍കുന്നതിന് നഗരസഭ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് വരെയായി അതിന് സാധിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ കെ സ്മാര്‍ട്ട് മുഖേനയാണ് വസ്തു നികുതി സ്വീകരിച്ച് വരുന്നത്. പക്ഷേ സോഫ്റ്റ്‌വെയറില്‍ മാറ്റം വരാത്തത് കാരണം പഴയ നിരക്കിലുള്ള കൂടിയ നികുതിയാണ് കെട്ടിട ഉടമകള്‍ ഒടുക്കേണ്ടി വരുന്നത്. അത് കൊണ്ട് നികുതി പിരിച്ചെടുക്കുന്നതിന് വേണ്ടി എത്രയും വേഗം സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നഗരസഭ അധികൃതര്‍ ത്വദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശശിധരന്‍ നായരെ കണ്ട് നിവേദനം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഐകെഎം ഡോമെയിന്‍ ഹെഡ് അജ്മല്‍ ,ഐകെഎം പ്രോപ്പര്‍ട്ടി ടാക്‌സ് ടീം ലീഡര്‍ ശങ്കര നാരായണന്‍ ,ടെക്‌നിക്കല്‍ ഓഫീസര്‍ വിപിന്‍ എന്നിവരുമായി ചര്‍ച്ച ചെയ്യുകയും എത്രയും വേഗത്തില്‍ മാറ്റം വരുത്താനായി ചെയര്‍മാന്‍ ആവശ്യപ്പെടുകയും ചെയ്തു. സോഫ്റ്റ്‌വെയര്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ഒരാഴ്ചക്കകം തീര്‍ക്കുമെന്ന് നഗരസഭ അധികൃതര്‍ക്ക് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.