Thursday, September 24

കാക്കത്തടം വെള്ളക്കെട്ടിന് പരിഹാരമായില്ല; അസി.എക്സി. എഞ്ചിനിയറോട് നേരിട്ട് ഹാജരാവാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം

പെരുവള്ളൂർ : കാക്കത്തടം വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് വർഷങ്ങളായി പൊതു ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആർ ജെ ഡി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് എഞ്ചിനിയർ ടി മൊയ്തീൻകുട്ടി,
നാഷണൽ ലീഗ് പഞ്ചായത്ത് സെക്രട്ടറി പി പി സൈതലവി, പൊതുപ്രവർത്തകരായ വി പി അസ്ലം, അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിൽ തിരൂർ പി ഡബ്ലിയു റസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ കമ്മീഷൻ മുമ്പാകെ നേരിട്ട് ഹാജറാവണമെന്ന് ഉത്തരവായി.

വർഷങ്ങളായി പൊതു ജനങ്ങൾ അനുഭവിക്കുന്ന തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണാത്തത് കടുത്ത മനുഷ്യാവകാശ ലംഘനവും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കലുമാണെന്നും സമീപവാസികളുടെ കിണറുകൾ മലിനമാകുകയാണെന്നും പരാതിയിൽ ബോധിപ്പിച്ചിരുന്നു.

ഡ്രൈനേജ് സ്ഥാപിക്കേണ്ട ഭാഗത്തെ കയ്യേറ്റങ്ങൾ പി ഡബ്ലിയും സർവേ വകുപ്പും കണ്ടെത്തിയിട്ടും ഒഴിപ്പിക്കാത്തത് പൊതുമരാമത്ത് വിഭാഗത്തിന്റെ ഗുരുതര വീഴ്ചയാണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.

വളരെ പ്രധാനപ്പെട്ട എയർപോർട്ട് റോഡ് ആയിട്ടും തയ്യാറാക്കപ്പെട്ട ഡ്രെയ്നേജ് പദ്ധതിക്ക് ഫണ്ട് വെക്കാതെ സർക്കാർ നീട്ടിക്കൊണ്ടു പോകുന്നതിലെ ആശങ്കയും പരാതിക്കാർ പ്രകടിപ്പിച്ചു.

ഇതേ തുടർന്നാണ് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറോട് നേരിട്ട് ഹാജരാവാൻ കമ്മീഷൻ ഉത്തരവിട്ടത്.