Friday, November 13

ലോകത്തെ സ്വാധീനമേറിയ 500 മുസ്‌ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ്‌വി

അമ്മാന്‍: ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തിത്വങ്ങളില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല വൈസ് ചാന്‍സലറും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഇത്തവണയും ഇടം നേടി. മതപണ്ഡിതരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഡോ. നദ്‌വി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍, അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പ്രതിവര്‍ഷം പട്ടിക പുറത്തിറക്കുന്നത്. 2027- ലെ മാന്‍ ഓഫ് ദി ഇയര്‍ ആയി വടക്കന്‍ ഗാസയിലെ കമാല്‍ അദ് വാന്‍ ഹോസ്പിറ്റല്‍ ഡയറക്ടറും ശിശുരോഗ വിദഗ്ധനുമായ ഡോ. ഹുസാം അബു സഫിയയെയും വുമണ്‍ ഓഫ് ദി ഇയര്‍ ആയി ഫാഥിമാ സഹ്‌റാ ശൈഖാബാദിയെയുമാണ് തെരഞ്ഞെടുത്തത്. 2026 ഫെബ്രുവരിയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 156 വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ട മിനാബ് സ്‌കൂള്‍ അക്രമണത്തിലെ അതിജീവിതയാണ് ഫാഥിമ സഹ്‌റാ.

സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, യെമനിലെ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി, ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്‌മദ് മുഹമ്മദ് ത്വയ്യിബ്, ശൈഖ് മുഹമ്മദ് തഖി ഉസ്മാനി എന്നിവരാണ് ആദ്യ അമ്പതില്‍ ഇടം പിടിച്ച പ്രമുഖര്‍.

2012 മുതല്‍ ഡോ. നദ്‌വി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ദയൂബന്ത് ദാറുല്‍ ഉലൂമിലെ മുഫ്തി അബുല്‍ ഖാസിം നുഅ്മാനി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, അസദുദ്ദീന്‍ ഉവൈസി, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി എന്നിവരടക്കം 23 പേര്‍ വിവിധ മേഖലകളിലായി ഇന്ത്യയില്‍ നിന്നു ഇടം നേടി.