Tuesday, November 24

പാലക്കാട് ക്ലാസ് റൂമിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു

പാലക്കാട്: പാലക്കാട് തൃത്താല പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ തോക്കില്‍ നിന്നു വെടിയേറ്റു. രാവിലെ 11:45 നാണു ആണ് സംഭവം. കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയാണ് ക്ലാസിലേക്ക് റിവോൾവർ കൊണ്ടുവന്നത്. ഇതിൽനിന്നാണ് സഹപാഠിക്ക് വെടിയേറ്റത്. പരിക്കേറ്റ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൃത്താല പൊലീസ് സ്കൂളിൽ എത്തി അന്വേഷണം ആരംഭിച്ചു.

കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയാണ് തോക്കുമായി എത്തിയത്. അഞ്ചുമൂല സ്വദേശിയായ വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. മൂന്നു തവണയാണ് വെടിപൊട്ടിച്ചതെന്നാണ് വിവരം. ഒന്ന് തറയിലും ഒന്ന് അരികിലൂടെയും പോയി. അവസാനത്തെ വെടിയാണ് കൊണ്ടത്. വിദ്യാർഥിയുടെ കയ്യിലാണ് വെടിയേറ്റത്. ബുള്ളറ്റ് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് ലഭിക്കുന്ന സൂചന.