സ്‌കൂളിലെ തിളയ്ക്കുന്ന സാമ്പാര്‍ ചെമ്പില്‍ വീണ് ഗുരുതര പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു ; പ്രധാനാധ്യാപിക ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു

സ്‌കൂള്‍ പാചകപ്പുരയിലെ തിളയ്ക്കുന്ന സാമ്പാര്‍ ചെമ്പില്‍ വീണ് ഗുരുതര പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കര്‍ണാടകയിലെ കലബുര്‍ഗിയിലെ ചിനമഗേര ഗവ. ഹയര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. മഹന്തമ്മ ശിവപ്പ തല്‍വാര്‍ എന്ന എട്ടുവയസുകാരിയാണ് മരിച്ചത്. വ്യാഴാഴ്ചയാണ് കുട്ടിക്ക് അപകടം സംഭവിച്ചത്.

പാചകപ്പുരയില്‍ വെച്ചായിരുന്നു ഉച്ചഭക്ഷണം വിളമ്പിയത്. ഭക്ഷണം വാങ്ങാനെത്തിയ കുട്ടി അബദ്ധത്തില്‍ സാമ്പാര്‍ ചെമ്പിലേക്ക് വീഴുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആദ്യം കലബുര്‍ഗിയിലെ ആശുപത്രിയിലും പിന്നീട് ബെംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഞായറാഴ്ചയോടെ മരിക്കുകയായിരുന്നു.

കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലാലാബി നദാഫ്, സഹ അധ്യാപകന്‍ രാജു ചവാന്‍, അടുക്കള സൂപ്പര്‍വൈസര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

error: Content is protected !!