തിരുവനന്തപുരം: കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ 3 പേര്‍ കസ്റ്റഡിയിലെടുത്തെന്ന് സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. ഇവര്‍ക്ക് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. അതേസമയം തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്ററില്‍ പൊലീസ് പരിശോധന നടത്തി. കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശ്രീകണ്ഠാപുരത്തെ കാര്‍ വാഷിങ് സെന്ററില്‍ പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഉടമ ഉള്‍പ്പടെ രണ്ടുപേരെ കസ്റ്റഡിയിലെടത്തത്. ഇതിന് മുമ്പ് ശ്രീകാര്യത്ത് നിന്ന് ഒരാളെ കസ്റ്റഡിയില്‍ എടുത്തിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ശ്രീകണ്ഠാപുരത്തെ കാര്‍ വാഷിങ് സെന്ററില്‍ പരിശോധന നടത്തിയത്.
ഇവിടെനിന്ന് അഞ്ഞൂറ് രൂപയുടെ 19 കെട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ ഒമ്പതര ലക്ഷം രൂപയോളമാണ് കണ്ടെത്തിയത്. ഇവിടുത്തെ വാര്‍ഡ് കൌണ്‍സിലറെ വിളിച്ചുവരുത്തി ബോധ്യപ്പെടുത്തിയശേഷമാണ് പണം പിടിച്ചെടുത്തത്. ഇവിടെനിന്ന് രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഓയൂരില്‍ ആറ് വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂര്‍ പിന്നിട്ടു. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ച് അബിഗേല്‍ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉള്‍പ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികളില്‍ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.