തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ വെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എൽ.എ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലത്തിലെ കർഷകരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക അനുവദിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് തയ്യാറാക്കിപ്പിച്ച ഡി.പി.ആർ സഹിതം കെ.പി.എ മജീദ് ധനകാര്യ വകുപ്പ് മന്ത്രിയെ കണ്ട് ചർച്ച നടത്തി പ്രൊപോസൽ സമർപ്പിച്ചിരുന്നു. ഈ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ഉത്തരവ് സർക്കാർ ലഭ്യമാക്കിയിട്ടുള്ളത്. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർവഹണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്.
മലപ്പുറം ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന തിരൂരങ്ങാടി മണ്ഡലത്തിലെ പാടശേഖരങ്ങൾക്ക് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതിനുള്ള അതിപ്രധാനമായ പദ്ധതിയാണിത്. നേരത്തെ സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഈ പ്രവർത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് ഡി.പി.ആർ സമർപ്പിച്ചിരുന്നെങ്കിലും സർക്കാർ അംഗീകാരം നൽകിയിരുന്നില്ല. പ്ലാൻ ഫണ്ടിൽ പരിഗണിക്കാത്തതിനാൽ സംസ്ഥാന ബജറ്റിൽ പരിഗണിക്കുന്നതിന് ധനകാര്യ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് വീണ്ടും പ്രൊപോസൽ സമർപ്പിക്കുകയായിരുന്നു.
ടെണ്ടർ അടക്കമുള്ള നടപടികൾ പൂർത്തീകരിച്ച് അടിയന്തിരമായി പ്രവർത്തി ആരംഭിക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി കെ.പി.എ മജീദ് അറിയിച്ചു.