ബലൂണ്‍ വാങ്ങാനെത്തിയ പന്ത്രണ്ടുകാരിക്കു നേരെ ലൈംഗികാതിക്രമം ; അന്‍പതുകാരന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

തിരൂര്‍ : ബലൂണ്‍ വാങ്ങാനെത്തിയ പന്ത്രണ്ടുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ അന്‍പതുകാരന് അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. എടരിക്കോട് അമ്പലവട്ടം സ്വദേശി സക്കീറിനെ(50)യാണ് തിരൂര്‍ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി റെനോ ഫ്രാന്‍സിസ് സേവ്യര്‍ ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം സാധാരണ തടവിനും കോടതി വിധിച്ചു.

2021 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയും സുഹൃത്തുക്കളും നടത്തുന്ന കടയില്‍ പ്രോജക്ട് ആവശ്യത്തിനായി ബലൂണ്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പ്രതി കടയ്ക്കുള്ളിലേക്ക് വിളിച്ചുകയറ്റി അതിക്രമം കാണിച്ചുവെന്നാണ് കേസ്. കല്പകഞ്ചേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കല്പകഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന എം.ബി. റിയാസ് രാജ, പി.കെ ദാസ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനികുമാര്‍ ഹാജരായി. പ്രോസിക്യൂഷന്‍ ലെയ്‌സണ്‍ വിഭാഗത്തിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എന്‍.പി. സീമ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതിയെ ഹാജരാക്കിയത്.

error: Content is protected !!