കോട്ടക്കൽ : ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി പുത്തൂരിലെ കടയിൽ നിന്നും 60 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭ്യമായ പരാതിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കമ്മീഷണർ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് അഴുകിയ മത്തി കണ്ടെത്തി നശിപ്പിച്ചത്. ട്രോളിങ് നിരോധനത്തെ തുടർന്ന് ജില്ലയിൽ മീനിന്റെ ലഭ്യത വളരെയധികം കുറഞ്ഞിരുന്നു. മാത്രവുമല്ല കൃത്യമായ അളവിൽ ഐസ് ഇടാതെ മത്സ്യം സൂക്ഷിക്കുന്നതും പെട്ടെന്ന് കേടാവുന്നതിന് കാരണമാവും.
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി പരിശോധന നടന്നു വരികയാണ്. വരും ദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധന തുടരുമെന്ന് മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡി സുജിത് പെരേര അറിയിച്ചു.