കൊണ്ടോട്ടിയില്‍ നാലുവയസ്സുകാരന്റെ മരണം ചികിത്സാപ്പിഴവ് മൂലം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം : കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാലുവയസ്സുകാരന്‍ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് സ്ഥിരീകരിച്ചു. അനസ്തേഷ്യ നല്‍കിയ അളവ് വര്‍ധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ ന്നിന് വൈകിട്ട് ആറു മണിക്കാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ അരിമ്പ്ര സ്വദേശി കൊടക്കാടന്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്.

കളിക്കുന്നതിനിടെ അണ്ണാക്കില്‍ കമ്പുതട്ടി കുട്ടിക്ക് മുറിവേറ്റതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിന് തുന്നലിടാനായി അനസ്‌തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. മുറിവു തുന്നുന്നതിനായി കുട്ടിക്ക് അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് സ്ഥിതി വഷളാവുകയും കുട്ടി മരിക്കുകയുമായിരുന്നു.

അന്നുതന്നെ അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ് കുട്ടിയുടെ മരണകാരണം എന്ന് കുടുംബം ആരോപിച്ചിരുന്നു. അത് ശരിവയ്ക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. കുട്ടി മരിച്ചത് അണ്ണാക്കില്‍ കമ്പ് കുത്തിയുണ്ടായ മുറിവ് കാരണമല്ലെന്നും നാലുവയസ്സുള്ള കുട്ടിക്ക് നല്‍കേണ്ട അളവിലല്ല അനസ്തേഷ്യ നല്‍കിയതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ഗുരുതര ആരോപണവുമായി നാല് വയസുകാരന്റെ അമ്മ രംഗത്തെത്തി. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുഞ്ഞിന് മറ്റ് അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. കുഞ്ഞ് മരിച്ച വിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്നും ആംബുലന്‍സില്‍ വെച്ചാണ് കുഞ്ഞ് മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

error: Content is protected !!