Saturday, October 31

ഓരാടംപാലം – മാനത്ത്മംഗലം ബൈപ്പാസിന് ചിലവ് പ്രതീക്ഷിക്കുന്നത് 600 കോടി രൂപ; ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പി.കെ. ബഷീര്‍

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ നഗരങ്ങളിലെ സങ്കീര്‍ണ്ണമായ ഗതാതക്കുരുക്കിനുള്ള ശാശ്വത പരിഹാരമായ ഓരാടംപാലം – മാനത്ത്മംഗലം ബൈപ്പാസ് സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഹൈ സ്പീഡ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ പെരിന്തല്‍മണ്ണയിലെത്തിയതോടെ പദ്ധതിക്ക് പുതുജീവനായി. പെരിന്തല്‍മണ്ണയിലെ പൊതുസമൂഹം ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഈ പദ്ധതിക്ക് 600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുമെന്നും ഈ സര്‍ക്കാറിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന കാര്യത്തില്‍ കഴിഞ്ഞ 10 വര്‍ഷം മലപ്പുറം ജില്ലയോട് ഇടത് സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് കാണിച്ചത്. ഇനി ഇതിന് മാറ്റമുണ്ടാവും. അവഗണിക്കപ്പെട്ട പ്രദേശങ്ങളില്‍ വികസനമെത്തിക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. കിഫ്ബി ഇല്ലെങ്കിലും വികസനം മുടങ്ങില്ല. ഇതൊന്നും ഇല്ലാത്ത കാലത്തും വികസനം സാധ്യമായിരുന്നു. സ്ഥലം വിട്ടു നല്‍കുന്നതിന് എല്ലാവരും തയ്യാറാവണം. മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് ആറു മാസം കൊണ്ട് നഷ്ടപരിഹാരം നല്‍കും. പണമില്ലാത്തതിന്റെ പേരില്‍ ഒരു വികസനവും മുടങ്ങരുതെന്നാണ് സര്‍ക്കാര്‍ നയം. അപ്രോച്ച് റോഡുള്ള പ്രദേശങ്ങളില്‍ പാലം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ഓരാടംപാലം – മാനത്ത്മംഗലം ബൈപ്പാസ് പദ്ധതി പ്രദേശം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം മന്ത്രി സന്ദര്‍ശിച്ചു.

അവലോകന യോഗത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗര സഭ അധ്യക്ഷ സുരയ്യ ഫാറൂഖ് പച്ചീരി സ്വാഗതവും പൊതുമരാമത്ത് എസ്‌ക്യൂട്ടീവ് എഞ്ചിനീയര്‍…..ഗഫൂര്‍ നന്ദിയും പറഞ്ഞു. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ബി ഫസല്‍ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഹുസ്സയിന്‍ കളപ്പാടന്‍, സുധ പൊട്ടിപ്പാറ, ആയിശ മേക്കോട്ടില്‍, റംസീന മുജീബ്, സുലൈഖ കരിമ്പന, ഷഹീന മോള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. ഹാരിസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി. സുകുമാരന്‍, നഗരസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ വി., അമ്പിളി മനോജ്, എ.കെ. നാസര്‍ മാസ്റ്റര്‍, അഡ്വ. എസ്. അബ്ദുസ്സലാം, സലീം കുരുവമ്പലം, അഡ്വ. എ.കെ. മുസ്തഫ, ആനന്ദന്‍, രാജേന്ദ്രന്‍, ബഷീര്‍ നാലകത്ത്, ഹുസ്സയിന പച്ചീരി, കെ.വി. ജോര്‍ജ്ജ്, ചമയം ബാപ്പു, അസീസ് കൊളക്കാടന്‍, ദിനേശ് കെ., റാഷിഖ് കെ.എം., ഉനൈസ് കക്കൂത്ത്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ അബ്ദുല്‍ ഗഫൂര്‍, ജോമോന്‍, പ്രദീപ്കുമാര്‍ പി., പ്രകാശ് ഇ., അബ്ദുല്‍ സത്താര്‍, ഷമീര്‍ ബാബു, മനീഷ, ഇന്‍സാഫ്, മനോജ്, റബീഷ്, ബിജു ജോസ്, വൈഷാഖ്, ഇര്‍ഫാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചിത്രം..1 പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗം മന്ത്രി പി.കെ. ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു. നജീബ് കാന്തപുരം എം.എല്‍.എ സമീപം