
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ‘എഫ് ട്യൂൺ’ എന്ന ഫേസ് ക്രീം രോഗികൾക്ക് കുറിപ്പടിയായി എഴുതി നൽകി ഡോക്ടർ. ചെമ്മാട്ടെ പ്രശസ്ത സ്കിൻ ഡോക്ടർ ആയ ഡോ. ബാലകൃഷ്ണൻ നായരാണ് ഫേസ് ക്രീം മരുന്നായി എഴുതി നൽകിയത്. മുഖക്കുരു മാറ്റുന്നതിനായി ചികിത്സ തേടിയെത്തിയ തനിക്ക് ഡോക്ടർ ഈ ക്രീം എഴുതി നൽകിയതായി യുവതി വെളിപ്പെടുത്തി. ചെമ്മാടും തിരൂരും ക്ലിനിക്ക് നടത്തുന്നുണ്ട്. ഫാർമസി വഴിയാണ് ഈ ക്രീം രോഗികൾക്ക് വിൽക്കുന്നത്.
സംഭവം വിവാദമായതോടെ തന്റെ നടപടിയെ ന്യായീകരിച്ച് ഡോ. ബാലകൃഷ്ണൻ നായർ രംഗത്തെത്തി. ‘എഫ് ട്യൂൺ’ ക്രീമിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നാണ് ഡോക്ടറുടെ വാദം. രോഗികൾക്ക് നിർദ്ദേശിക്കുന്നതിനൊപ്പം കഴിഞ്ഞ രണ്ട് വർഷമായി താനും ഇതേ ക്രീം ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 42 വർഷത്തെ സേവന പാരമ്പര്യമുള്ള തന്റെ ചികിത്സയ്ക്കെതിരെ ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. സ്ഥിരമായി ഉപയോഗിക്കാൻ നൽകില്ലെന്നും അദ്ധേഹം പറഞ്ഞു. വിവാഹം പോലുള്ള അവസരങ്ങളിൽ താൽക്കാലികമായ ചർമ്മ കാന്തിക്കായി സമീപിച്ച വ്യക്തികൾക്കാണ് പരിമിത കാലത്തേക്ക് നിർദേശിച്ചത്. രോഗികളുടെ താൽപര്യവും സുരക്ഷയും മുൻ നിർത്തി സാദ്ധ്യേശത്തോടെയൻ നൽകിയത്. മരുന്ന് വിവാദമാകുന്നതിന് മുമ്പാണ് നൽകിയിരുന്നത്. എന്നും ഡോക്ടർ പറഞ്ഞു.
ഡോക്ടറുടെe വിശദീകരണം:
ഇയ്യിടെ വാർത്തകളിൽ ഇടം പിടിച്ച ‘എഫ് ട്യൂൺ’ (F-Tune) ഫേസ്ക്രീമുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ എന്റെ പേരും സാഹചര്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരാമർശിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ വിശദീകരണം നൽകുന്നത്.
വിവാഹം പോലുള്ള പ്രത്യേക അവസരങ്ങളിലും മറ്റും താൽക്കാലികമായ ചർമ്മകാന്തിക്കായി സമീപിച്ച ചില വ്യക്തികൾക്ക്, കൃത്യമായ പരിമിത കാലയളവിലേക്ക് മാത്രവും, കർശനമായ വൈദ്യനിർദ്ദേശപ്രകാരമല്ലാതെ സ്വയം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പോടെയുമാണ് മുൻപ് ഈ ഉൽപ്പന്നം നിർദ്ദേശിച്ചിരുന്നത്. രോഗികളുടെ താൽപ്പര്യവും സുരക്ഷയും മുൻനിർത്തി സദുദ്ദേശ്യത്തോടെ മാത്രമാണ് അന്ന് അങ്ങനെ ചെയ്തത്.
ഈ ഉൽപ്പന്നത്തിൽ അനുവദനീയമല്ലാത്ത അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും, അത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മാധ്യമവാർത്തകളിലൂടെയും ശാസ്ത്രീയ റിപ്പോർട്ടുകളിലൂടെയും പ്രചരിച്ച നിമിഷം മുതൽ തന്നെ ഇത് നിർദ്ദേശിക്കുന്നത് പൂർണ്ണമായും നിർത്തിവച്ചിട്ടുണ്ട്. ഇതിനകം ഈ ക്രീം ഉപയോഗിച്ചവരോട് അത് ഉടൻ നിർത്താനും, എന്തെങ്കിലും ആശങ്കകളോ ലക്ഷണമോ ഉണ്ടെങ്കിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാകാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്.
പൊതുജനാരോഗ്യത്തോടും വൈദ്യശാസ്ത്ര ധാർമ്മികതയോടും എന്നും പ്രതിബദ്ധത പുലർത്തുന്ന ഒരു വ്യക്തി എന്ന നിലയിൽ, നിലവിലെ സാഹചര്യത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊള്ളുന്നു. വസ്തുതകൾ കൃത്യമായി പരിശോധിക്കാതെയും, മുൻകാല സാഹചര്യങ്ങളെ ഇപ്പോഴത്തെ അപകടാവസ്ഥയുമായി കൂട്ടിക്കുഴച്ചും വാർത്തകൾ നൽകുന്നത് അനാവശ്യ ആശങ്കകൾക്കും തെറ്റിദ്ധാരണകൾക്കും ഇടയാക്കും.
ഈ വിഷയത്തിൽ യഥാർത്ഥ വസ്തുതകൾ ഉൾക്കൊണ്ട്, നിഷ്പക്ഷവും ഉത്തരവാദിത്തപരവുമായ സമീപനം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
അരീക്കോട് സ്വദേശിയായ 17കാരിക്ക് വ്യാജ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. സംഭവത്തിന് നിലവാരമില്ലാത്തതും വ്യാജവുമായ സൗന്ദര്യവർധക ഉല്‍പ്പന്നങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിരുന്നു.
വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്തും നല്‍കിയിരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങളുടെ പ്രചാരണം ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷിക്കുകയും തടയുകയും ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം.
