Sunday, November 29

ജില്ലാ സ്കൂൾ കലോത്സവത്തിന് ആലത്തിയൂരിൽ വർണ്ണാഭമായ തുടക്കം


കലോത്സവങ്ങൾ നാടിന്റെ ഉത്സവം: മന്ത്രി എ.പി അനിൽകുമാർ

​കലോത്സവങ്ങൾ നാടിന്റെ ഉത്സവങ്ങളാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിൽ 37-ാമത് മലപ്പുറം റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ, മാധ്യമങ്ങൾ തുടങ്ങിയവർ ഉറ്റുനോക്കുന്ന യുവജനോത്സവമായി കലോത്സവങ്ങൾ മാറിയെന്നും മലയാളിയുടെ കല, ഭാഷ, സംസ്കാരം, സാഹിത്യം തുടങ്ങിയവയെ സംരക്ഷിക്കുന്നതിൽ കലോത്സവങ്ങൾക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
​അന്യംനിന്നുപോകുന്ന കലാരൂപങ്ങൾ നിലനിർത്തുന്നതിൽ കലോത്സവങ്ങൾ നിർണായകമാണ്. നിർമിതബുദ്ധിയുടെ കാലഘട്ടത്തിലും കുട്ടികളുടെ കലാപ്രകടനങ്ങളിലൂടെ അനുകമ്പയും സ്നേഹവും നിലനിർത്താൻ കലോത്സവങ്ങൾക്ക് കഴിയുമെന്നും മേള ആരോഗ്യകരമായ മത്സരങ്ങളുടെ വേദിയായി മാറണമെന്നും മന്ത്രി പറഞ്ഞു.
​ആലത്തിയൂർ ടൗണിൽനിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. ഡിസംബർ മൂന്ന് വരെ ആറ് ദിവസങ്ങളിലായി 20 വേദികളിൽ നടക്കുന്ന കലോത്സവത്തിൽ 17 ഉപജില്ലകളിൽനിന്നായി പതിനൊന്നായിരത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കും. മേളയുടെ ഭാഗമായി ഓരോ ദിവസവും വനിതാ പൊലീസുകാർ ഉൾപ്പെടെ 200-ലധികം പൊലീസ് ഉദ്യോഗസ്ഥരെയും ട്രാഫിക് പൊലീസ് അംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ക്ലബ് വളന്റിയർമാർ, ട്രോമാകെയർ, ഡ്രോൺ പരിശോധന തുടങ്ങിയവ ഉൾപ്പെടെ പൂർണ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് തിരൂർ പൊലീസ് അറിയിച്ചു.
​ഉദ്ഘാടന ചടങ്ങിൽ അഡ്വ. വി.എസ് ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗായിക തീർഥ സത്യൻ മുഖ്യാതിഥിയായി. പി.പി സുനീർ എം.പി, എം.എൽ.എമാരായ കുറുക്കോളി മൊയ്തീൻ, പി.കെ നവാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തിരൂർ നഗരസഭാംഗങ്ങൾ, ജനപ്രതിനിധികൾ, കലാ-സാംസ്കാരിക, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.