തലശ്ശേരിയിലെ ഇരട്ടക്കൊല: മുഖ്യപ്രതി പാറായി ബാബു പിടിയിൽ, ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു

കണ്ണൂർ: തലശ്ശേരിയിൽ സി പി എം പ്രവർത്തകരായ രണ്ടുപേരെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. സംഭവത്തിനു ശേഷം ഒളിവിൽ പോയ പാറായി ബാബു എന്നയാളാണ് ഇരിട്ടിയിൽനിന്ന് പിടിയിലായത്. ഇയാൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയ തലശ്ശേരി സ്വദേശികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്. പ്രതികൾ എത്തിയ ഓട്ടോറിക്ഷ പിണറായിയിലെ സന്ദീപ് എന്നയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിമാഫിയ സംഘത്തിന്റെ തലവനാണ് പിടിയിലായിരിക്കുന്ന പാറായി ബാബു. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിവിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പാറായി ബാബുവെന്നാണ് പോലീസ് നൽകുന്നവിവരം. ഇയാളുടെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. കേസിൽ പാറായി ബാബു അടക്കം നാല് പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്.കഴിഞ്ഞദിവസം പോലീസിന്റെ പടിയിൽനിന്ന് തലനാരിഴയ്ക്കാണ് ബാബു രക്ഷപ്പെട്ടത്. ഇയാൾക്കായി കർണാടകത്തിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് ഇയാൾ ഇരിട്ടിയിൽനിന്ന് പിടിയിലായത്. തലശ്ശേരി എഎസ്പി നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പ്രതിക്കായുള്ള അന്വേഷണം നടത്തിയത്.

error: Content is protected !!