
തിരുവനന്തപുരം : നാലാഞ്ചിറയില്‍ മക്കളുടെ മുന്നിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷിനെ തമിഴ്‌നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തമിഴ്‌നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ കാർ ബാലരാമപുരം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹം ഇന്ന് രാവിലെ ചിദംബരത്ത് കണ്ടെത്തിയത്. സുരേഷ് ആത്മഹത്യ ചെയ്‌തതാവാം എന്നാണ് പൊലീസിന്റെ നിഗമനം.
നാലാഞ്ചിറയില്‍ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബീവി (36) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് മാസം മുമ്പാണ് ഇവർ നാലാഞ്ചിറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. സുരേഷും ഹസീനയും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടർന്ന് ഹസീന വീടുവിട്ടുപോയി. പിന്നാലെ സുരേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ വിഷം കഴിച്ച് ജീവനൊടുക്കാനും സുരേഷ് ശ്രമിച്ചിരുന്നു. പൊലീസിന്റെ മദ്ധ്യസ്ഥതയിലാണ് ഹസീനയെ വീണ്ടും വീട്ടിലേക്ക് അയച്ചത്. പിന്നാലെ ഇവർ തമ്മില്‍ വീണ്ടും തകർക്കത്തിലാവുകയും കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്‌തു.
അതേ സമയം ,മാതാപിതാക്കളുടെ മരണത്തോടെ nal മക്കളും അനാഥരായിരിക്കുകയാണ്. 19 വർഷം മുൻപ് വിവാഹിതരായ ഹസീനയ്ക്കും സുരേഷിനും നാല് മക്കളാണുള്ളത്. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ സുരേഷും മണക്കാട് സ്വദേശിനിയായ ഹസീനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. നഗരത്തിന്‍റെ പല ഭാഗങ്ങളിലായി വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ മാസങ്ങള്‍ക്ക് മുമ്പാണ് ഉദയന്നൂരിലെത്തിയതെന്ന് സമീപവാസികള്‍ പറയുന്നു. സൂരേഷിന് ഇലട്രിക്കല്‍ ജോലികളായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ സുരേഷ് മൂത്തമകള്‍ അമൃതയെ ഫോണില്‍ വിളിച്ച് താനിനി മടങ്ങിവരില്ലെന്നും ഇളയ കുട്ടികളെ നോക്കണമെന്നും പറഞ്ഞെന്ന് സമീപവാസികള്‍ പറഞ്ഞു. കോട്ടണ്‍ഹില്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അമൃത. നാലാഞ്ചിറ സെയ്ന്റ് ഗോരേറ്റീസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആനന്ദ്, കുശവർക്കല്‍ ഗവ. യു.പി. സ്ക്‌കൂളില്‍ ആറിലും നാലിലുമായി പഠിക്കുന്ന റോഷൻ, അനയ എന്നിവരാണ് മറ്റു കുട്ടികള്‍.
കൊലപാതകവിവരമറിഞ്ഞ് റോഷനും അനയയും പഠിക്കുന്ന സ്‌കൂളില്‍നിന്ന് അധ്യാപകർ വീട്ടിലെത്തിയിരുന്നു. രണ്ടുദിവസമായി കുട്ടികള്‍ സ്കൂളിലെത്താത്തതിനെ തുടർന്ന് ഹസീനയെ അധ്യാപിക ബന്ധപ്പെട്ടിരുന്നു. പനിയാണെന്നും ഭേദമായതിനുശേഷം വരുമെന്നും ഹസീന അധ്യാപികയ്ക്കു ശബ്‌ദസന്ദേശവും അയച്ചിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് അധ്യാപകർ പറയുന്നത്. ആകെ തളർന്ന അവസ്ഥയിലായിരുന്നു കുട്ടികള്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കി ആശ്വസിപ്പിച്ചതും അധ്യാപകരാണ്. ബന്ധുക്കളുമായി വലിയ അടുപ്പമുണ്ടായില്ലെന്നതിനാല്‍ ഒരു അകന്ന ബന്ധുവാണ് സ്ഥലത്തെത്തി നടപടികള്‍ക്ക് സഹായിച്ചത്. ഹസീനയുടെ സഹോദരൻ ഇടയ്ക്ക് വീട്ടില്‍ വരുമെന്നല്ലാതെ മറ്റുവിവരങ്ങള്‍ അറിയില്ലെന്ന് നാട്ടുകാർ പറയുന്നു.
സുരേഷുമായി പിണങ്ങി ഹസീന കഴിഞ്ഞയാഴ്ച വീടുവിട്ടുപോയിരുന്നു. ഇതോടെ ഭാര്യയെ കാണാനില്ലെന്ന് മണ്ണന്തല പൊലീസില്‍ പരാതി നല്‍കിയ പിന്നാലെ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് സുരേഷ് ആശുപത്രിയിലുമായി. ഇതോടെ ഈ അധ്യയന വർഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ 4 കുട്ടികള്‍ക്കും സ്കൂളില്‍ പോകാനായില്ല. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതോടെ സുഹൃത്തിന്റെ വീട്ടിലായിരുന്ന ഹസീന തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലെത്തി. പിന്നാലെ സുരേഷും മക്കളുമെത്തി. മധ്യസ്ഥ ചർച്ചയ്ക്കൊടുവില്‍ രമ്യതയിലായ സുരേഷും ഹസീനയും മക്കളുമൊത്ത് സന്തോഷത്തോടെയാണ് വീട്ടിലേക്കു മടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് ഇന്നലെ പുലർച്ചെ സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയത്.