തേഞ്ഞിപ്പലം – കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് ഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ നാലംഗ സംഘം പിടിയിൽ. കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടൻ അബ്ദല്‍ നാസര്‍ (41), നീരോല്‍പാലം സ്വദേശികളായ മേത്തലയില്‍ ശിഹാബുല്‍ ഹഖ് (33), തൊണ്ടിക്കോടന്‍ ജംഷീര്‍ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി ഫിർദൗസ് (36) എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ജംഷീർ നേരത്തെയും ചന്ദന കേസിലും ശിഹാബ് കഞ്ചാവ് കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. നവംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ബുധനാഴ്ചയാണ് സംഘം പൊലിസിൻ്റെ വലയിലാകുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്നും മോഷണം പോയ ചന്ദന തടികളും പ്രതികള്‍ ഉപയാഗിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം പോയ ചന്ദന തടികൾ പെരുവള്ളൂൾ കൊല്ലം ചിനയിലെ ഗോഡൗണിൽ നിന്നാണ് കണ്ടെടുത്തത്. കാലിക്കറ്റ് സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസ്, ഡി.വൈ.എസ്.പി പ്രദീപ് എന്നിവരുടെ നിർദേശ പ്രകാരം തേഞ്ഞിപ്പലം പൊലിസ് പ്രത്യേക അന്വാഷണം സംഘം രൂപീകരിച്ച് സംഘത്തിൻ്റെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ ഒരാഴ്ചക്കകം വലയിലാകുന്നത്. തേഞ്ഞിപ്പലം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍.ബി ഷൈജു, സബ് ഇന്‍സ്‌പെക്ടര്‍ സംഗീത് പുനത്തില്‍, സി.പി.ഒമാരായ എം. റഫീഖ്, പി.കെ വിജേഷ്, പി. രൂപേഷ്, ബിജു ഷോബിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.