സമസ്ത അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇ. മദ്‌റസകള്‍ ആരംഭിക്കും

അംഗീകൃത മദ്‌റസകള്‍ ഇല്ലാത്ത നാടുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഇ. ലേണിംഗ് മദ്‌റസകള്‍ ആരംഭിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. വിദേശ രാജ്യങ്ങളിലടക്കം മദ്‌റസ പഠനത്തിന് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഇ-ലേണിംഗ് മദ്‌റസ സംവിധാനം ഏറെ ഉപകാരപ്പെടും. മദ്‌റസ പഠനം നിര്‍ത്തിയ ശേഷം തുടര്‍പഠനം ആഗ്രഹിക്കുന്നവര്‍ക്കും പ്രാഥമിക മതപഠനം ലഭിക്കാത്തവര്‍ക്കും പ്രത്യേക സിലബസ്സ് തയ്യാറാക്കി ഇ. പഠനം സാധ്യമാക്കും. പുതുതായി മൂന്ന് മദ്‌റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10588 ആയി. അല്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യ യശ്വന്തപുരം (ബാംഗ്ലൂര്‍), മദ്‌റസത്തു റിള്‌വാന്‍ എര്‍മുഡല്‍, മഞ്ചേശ്വരം(കാസര്‍ക്കോട്), മുസ്ലിം യങ്ങ് മെന്റ്‌സ് മദ്‌റസ, ശാന്തി അങ്ങാടി, മിത്തബെയില്‍ (ദക്ഷിണ കന്നട) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗങ്ങളായി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലിയെയും പി.കെ. ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരിയെയും ജനറല്‍ ബോഡി അംഗങ്ങളായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, ടി.പി. അഹ്‌മദ് സലീം എടക്കര, ഇബ്രാഹീം ഫൈസി പേരാല്‍, മാണിയൂര്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഇസ്മായില്‍ ഹാജി എടച്ചേരി എന്നിവരെയും തെരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ബോഡി യോഗം ജനുവരി 21ന് രാവിലെ 11 മണിക്ക് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍വെച്ച് ചേരും. മാര്‍ച്ച് 4 ന് സി.ബി.എസ്.സി പൊതുപരീക്ഷ നടക്കുന്നതിനാല്‍ പ്രസ്തുത പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ മദ്‌റസ പൊതുപരീക്ഷ മാര്‍ച്ച് 12ന് ഞായറാഴ്ച അതാത് ഡിവിഷന്‍ കേന്ദ്രത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.
പ്രസിഡണ്ട് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യ്തതുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി. ഹംസ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

error: Content is protected !!