കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എം.എസ്.എഫ് മുന്നണി വിട്ടു. യു.ഡി.എസ്.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രാജിവെച്ചു. കെ.എസ്.യു കാലുവാരിയെന്ന് ആക്ഷേപിച്ചാണ് എം.എസ്.എഫ് മുന്നണി വിട്ടത്. ഇനി കാമ്പസുകളില്‍ എം.എസ്.എഫ് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു.
എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ കെ.എസ്.യുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തൃശൂര്‍ ജില്ലയില്‍ മുന്നണിക്കത്ത് ചതിയും വോട്ട് ചേര്‍ച്ചയും ഉണ്ടായി. കോഴിക്കോട് ജില്ലയിലെ കെ.എസ്.യു വോട്ടുകള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്നും എം.എസ്.എഫ് വിലയിരുത്തി. എംഎസ്എഫിന് മാത്രമായി ഇരുന്നൂറിലധികം യുയുസിമാരെ ലഭിച്ച യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നഷ്ടപ്പെടാന് കാരണം കെഎസ്യു വോട്ടുമറിച്ചതാണെന്ന് എംഎസ്എസ് സംസ്ഥാന സെക്രട്ടറിയറ്റില്‍ അഭിപ്രായമുണ്ടായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫിന്റെ ഫെസ്ബുക്ക് പോസ്റ്റിലും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി കെ എസ് യുവിനെതിരെ പരോക്ഷ വിമര്‍ശനമുണ്ടായിരുന്നു. ട്രഷറര്‍ അഷര്‍ പെരുമുക്കും കെ എസ് യുവിനെതിരെ രംഗത്തെത്തി. പിന്നില്‍ നിന്ന് കുത്തുന്ന കുലം കുത്തികള്‍ക്ക് കാലം മാപ്പ് തരില്ലെന്നും, പാളയത്തില്‍ പടയെ മനസ്സിലാക്കേണ്ടിയിരുന്നുവെന്നുമാണ് അഷര്‍ പെരുമുക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.