14 കാരന്‍ ഇരുചക്ര വാഹനം ഓടിച്ചു ; പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും

മലപ്പുറം: പതിനാലു വയസുകാരന്‍ ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ. കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുല്‍ നസീര്‍ (55) ന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 25000 രൂപ പിഴയാണ് ശിക്ഷ വിധിച്ചത്. വാഹന ഉടമയായ കല്പകഞ്ചേരി ഫൗസിയ (38) ക്ക് 5000 രൂപയും പിഴയീടാക്കി. പിഴയ്ക്ക് പുറമെ ഇരുവര്‍ക്കും വൈകീട്ട് അഞ്ചു മണി വരെ തടവ് ശിക്ഷയും കോടതി നല്‍കി.

2022 സെപ്തംബര്‍ ഒന്നിന് ഉച്ചക്ക് പന്ത്രണ്ടര മണിക്കാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി പതിനാലുകാരന്‍ മാമ്പ്ര കടുങ്ങാത്തുകുണ്ട് റോഡിലൂടെ പോകുന്നതിനിടയിലാണ് മലപ്പുറം എന്‍ഫോഴ്സ്മെന്റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുട്ടിയെ കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാവിനും ആര്‍ സി ഉടമക്കും എതിരെ 1988 ലെ മോട്ടോര്‍വാഹന വകുപ്പിലെ 180, 199 എ വകുപ്പുകള്‍ പ്രകാരം കേസ്സെടുക്കുകയായിരുന്നു. ഇരുവരും കോടതിയില്‍ പിഴയൊടുക്കുകയും വൈകീട്ട് അഞ്ചു മണി വരെ തടവ് അനുഭവിക്കുകയും ചെയ്തു.

error: Content is protected !!