ദില്ലി : സിപിഐ അടക്കം മൂന്നു പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സിപിഐയെ കൂടാതെ എന്‍സിപി തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് പദവി നഷ്ടമായത്. 2014, 2019 വര്‍ഷങ്ങളിലെ സീറ്റ് നില,വോട്ട്ശതമാനം എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. അതേസമയം ആം ആദ്മി പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ദേശീയ പാര്‍ട്ടി ആയി അംഗീകരിച്ചു.
ബംഗാളിലും സംസ്ഥാന പാര്‍ട്ടി സ്ഥാനം നഷ്ടമായതോടെയാണ് സിപിഐ ദേശീയ പാര്‍ട്ടി അല്ലാതായത് . നിലവില്‍ മണിപ്പൂരിലും, കേരളത്തിലും,തമിഴ്‌നാട്ടിലും മാത്രമാണ് സിപിഐക്ക് സംസ്ഥാനപാര്‍ട്ടി പദവിയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടം അനുസരിച്ച് നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാനപാര്‍ട്ടി എന്ന പദവിയുണ്ടെങ്കില്‍ ദേശീയപാര്‍ട്ടി സ്ഥാനം ലഭിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാര്‍ട്ടിക്ക് 4 ലോക്‌സഭാ സീറ്റുകള്‍ക്ക് പുറമേ 4 സംസ്ഥാനങ്ങളില്‍ 6% വോട്ടുകള്‍ ലഭിച്ചാലും ദേശീയ പാര്‍ട്ടിയായി കണക്കാക്കപ്പെടും.
ഡല്‍ഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഇതിനകം തന്നെ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഇത്തവണ ആം ആദ്മി പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്.
രാജ്യത്ത് ആറ് പാര്‍ട്ടികള്‍ക്ക് മാത്രമാണ് നിലവില്‍ ദേശീയ പദവിയുള്ളത് . ബി ജെ പി, കോണ്‍ഗ്രസ്, സി പി ഐ(എം) ബി എസ് പി,എന്‍ പി പി എന്നിവയാണ് എഎപിയെ കൂടാതെയുള്ള കക്ഷികള്‍. ആര്‍എല്‍ഡിക്ക് യുപിയിലും, ബിആര്‍എസിന് ആന്ധ്രയിലും സംസ്ഥാന പാര്‍ട്ടി സ്ഥാനം നഷ്ടമായി. തിപ്ര മോതയ്ക് ത്രിപുരയില്‍ സംസ്ഥാന പാര്‍ട്ടി സ്ഥാനം ലഭിച്ചു.