കൊണ്ടോട്ടിയില്‍ ആള്‍ക്കൂട്ട കൊലപാതകം ; ഇതര സംസ്ഥാന തൊഴിലാളി നേരിട്ടത് ക്രൂര മര്‍ദ്ദനം ; 9 പേര്‍ കസ്റ്റഡിയില്‍

മലപ്പുറം കൊണ്ടോട്ടി കീഴിശ്ശേരിയില്‍ ബീഹാര്‍ സ്വദേശി മരണപ്പെട്ടത് അതിക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഒടുവില്‍. ഇതര സംസ്ഥാന തൊഴിലാളിയായ ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. കൈകള്‍ പുറകിലേക്ക് കെട്ടി രണ്ടു മണിക്കൂറിലധികം സമയമാണ് രാജേഷ് മാഞ്ചിയെ നാട്ടുകാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്.

പന്ത്രണ്ടാം തീയതി രാത്രിയായിരുന്നു സംഭവം. രണ്ടുദിവസം മുന്‍പാണ് ജോലിക്കായി രാജേഷ് മാഞ്ചി കിഴിശ്ശേരിയില്‍ എത്തിയത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. അതിക്രൂരമര്‍ദ്ദനമാണ് രാജേഷ് മാഞ്ചിക്ക് ഏല്‍ക്കേണ്ടി വന്നത്. പൈപ്പും മാവിന്‍ കൊമ്പും മരത്തടികളും മര്‍ദ്ദനത്തിനായി പ്രതികള്‍ ഉപയോഗിച്ചു. നെഞ്ചിലും വാരിയെല്ലുകളിലും ഇടുപ്പിലും ഗുരുതര പരിക്കുകള്‍ സംഭവിച്ചു.

ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റര്‍ മാറി വീട്ടില്‍ നിന്നാണ് അവശനായ നിലയില്‍ യുവാവിനെ കണ്ടത്. പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്ന മര്‍ദ്ദനത്തെ തുടര്‍ന്നുള്ള പരിക്കുകള്‍ ആണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മലപ്പുറം എസ് പി സുജിത്ത് ദാസ് എസ് ഐപിഎസ്. പറഞ്ഞു.

കീഴിശ്ശേരി സ്വദേശികളും വരുവള്ളി പിലാക്കല്‍ വീട്ടില്‍ അലവിയുടെ മക്കളുമായ മുഹമ്മദ് അഫ്‌സല്‍, ഫാസില്‍ , ഷറഫുദ്ദീന്‍ , കിഴിശ്ശേരി തവനൂര്‍ സ്വദേശികളായ മെഹബൂബ് ,അബ്ദുസമദ് , നാസര്‍ , ഹബീബ് ,അയ്യൂബ് ,സൈനുല്‍ ആബിദ് എന്നിവരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ ആയത്. ഇവര്‍ക്ക് എതിരെ കൊലക്കുറ്റം, കുറ്റകരമായ സംഘം ചേരല്‍, അക്രമം തുടങ്ങി വിവിധ വകുപ്പുകള്‍ ആണ് ചുമത്തിയിട്ടുള്ളത്.

error: Content is protected !!