കോഴിക്കോട് നിർത്തിയിട്ട കാർ മോഷ്ടിച്ച എ ആർ നഗർ സ്വദേശി പിടിയിൽ

കോഴിക്കോട് : നഗരത്തിലെ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍.
എ ആർ നഗർ മമ്പുറം വികെ പടി വെള്ളക്കാട്ടില്‍ ഷറഫുദ്ദീനെ (41) ആണ് വി.കെ പടിയിലെ വീടിന്‍റെ പരിസരത്ത് നിന്നും പോലീസ് പിടികൂടിയത്. ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ പി എസ്സിന്‍റെ കീഴിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടര്‍ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം നാലാം തീയതിയാണ് ഫോര്‍ഡ് ഫിയസ്റ്റ കാര്‍ മോഷണം പോയത്.

നഗരത്തിലുള്ള ഗോകുലം മാളിലേക്ക് ബന്ധുക്കളോടൊപ്പമെത്തിയ യുവാവിന്‍റെ കാറാണ് മോഷണം പോയത്. പാര്‍ക്ക് ചെയ്ത് പോയപ്പോള്‍ ഉടമ കാറിന്‍റെ താക്കോല്‍ എടുക്കാൻ മറന്നിരുന്നു. പെട്ടെന്നു തന്നെ വന്നു നോക്കിയെങ്കിലും കാര്‍ നിര്‍ത്തിയ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സമീപത്ത് ഉള്ളവരോടും മറ്റും അന്വേഷിച്ചെങ്കിലും കാര്‍ കണ്ടെത്താൻ സാധിച്ചില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റൻറ് കമ്മീഷണര്‍ കെ.സുദര്‍ശന്‍റെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ കോളേജ് പോലീസും സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും അന്വേഷണമാരംഭിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനും ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കുന്നതിനും മുമ്ബ് ഇത്തരം വാഹനങ്ങള്‍ മോഷണം നടത്തിയവരെ രഹസ്യമായി നിരീക്ഷിക്കുന്നതിനുമായി സംഘം പല വിഭാഗങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. സിറ്റിയില്‍ നിന്നും കിലോമീറ്ററിനുള്ളിലെ പെട്രോള്‍ പമ്ബിലേത് ഉള്‍പ്പെടെ നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. വലിയ സ്ക്രീനില്‍ വെച്ച്‌ നോക്കിയെങ്കിലും അവ്യക്തമായ ദൃശ്യങ്ങളായിരുന്നു പൊലീസിന് ലഭിച്ചത്.

അന്വേഷണത്തില്‍ പ്രതിയെ കുറിച്ചുള്ള ഏകദേശ സൂചന പോലീസിന് ലഭിച്ചിരുന്നു. അതിനിടെയാണ് ആര്‍.സി മാറ്റുന്നതിനിടെ ഒ.ടി.പിക്കായി യഥാര്‍ത്ഥ ഉടമസ്ഥന് ഒരു ഓണ്‍ലൈൻ സ്ഥാപനത്തില്‍ നിന്നും വിളി വരുന്നത്. വിവരമറിഞ്ഞ സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പ് സ്ഥാപന ഉടമയെ കാണുകയും ആര്‍.സി മാറ്റാൻ വന്നവരെ കാണുകയും ചെയ്തു. അവര്‍ നാലു ദിവസം മുമ്ബ് മറ്റൊരാളോട് വാഹനം വാങ്ങിയതായിരുന്നു. തുടര്‍ന്ന് അവരൊടൊപ്പം മോഷണം നടത്തിയ ഷറഫുദീന്‍റെ വീട്ടിലെത്തി പ്രതിയെ പൊക്കുകയായിരുന്നു. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അന്വേഷണ സംഘം വളഞ്ഞിട്ട് ഇയാളെ പൊക്കി.

വിദേശത്ത് ജോലി ചെയ്തിരുന്ന ഷറഫുദീൻ നാട്ടിലെത്തി വണ്ടി കച്ചവടം നടത്തുകയും അത് പരാജയപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജോലി അന്വേഷിച്ച്‌ കോഴിക്കോട് എത്തി. നഗരത്തില്‍ മദ്യപിച്ച ശേഷം കറങ്ങി നടക്കുന്നതിനിടയിലാണ് വാഹനം മോഷണം നടത്തി കടന്നു കളഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റൻറ് കമ്മീഷണര്‍ കെ.സുദര്‍ശൻ പറഞ്ഞു. സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടര്‍ ഒ.മോഹൻദാസ്,ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ അര്‍ജുൻ, രാകേഷ് ചൈതന്യം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടര്‍മാരായ റസ്സല്‍ രാജ്, കെ. പ്രദീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എസ്. ശ്രീകാന്ത് എസ്.ശരത്ത്, ഇ.ടി ജിനു എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

error: Content is protected !!