തിരുവനന്തപുരം: കല്ലമ്പലം വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ ദിനത്തില്‍ വീട്ടില്‍വച്ച് പിതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് ജിഷ്ണു ഉള്‍പ്പെടെ നാല് പേര് പിടിയില്‍. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. വിവാഹം നിരസിച്ചതിലെ രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട രാജുവിന്റെ അയല്‍വാസി കൂടിയായ ജിഷ്ണുവിന്റെ വിവാഹാലോചനയാണ് രാജുവും കുടുംബവും നിരസിച്ചത്. ഇതിന്റെ വൈരാഗ്യമാണ് വിവാഹത്തലേന്നുള്ള ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളുടെ ലക്ഷ്യം എന്തായിരുന്നു എന്നത് ഇപ്പോള്‍ പറയാന്‍ ആയില്ലെന്നും ലഹരി സാന്നിദ്ധ്യം പരിശോധിക്കുമെന്നും റൂറല്‍ എസ്പി ഡി ശില്പ പ്രതികരിച്ചു.
ഇന്ന് ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട രാജു ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന ശേഷം നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുക ആയിരുന്നു ഇദ്ദേഹം. വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു, സഹോദരന് ജിജിന് എന്നിവരുള്‍പ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിലെത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാര്‍ട്ടി തീര്‍ന്നതിന് പിന്നാലെ ആണ് സംഘം എത്തിയത്. കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി. വധുവായ ശ്രീലക്ഷ്മിയെ ആക്രമിച്ചു. ശ്രീലക്ഷ്മിയുടെ അച്ഛന് തടഞ്ഞതോടെയാണ് അക്രമികള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.
ഇന്നു വര്‍ക്കല ശിവഗിരിയില്‍ വിവാഹിതയാകേണ്ടിയിരുന്ന രാജുവിന്റെ മകളെ ആക്രമിക്കാനാണ് ജിഷ്ണുവും സഹോദരന് ജിജിനും ഇവരുടെ രണ്ടു സുഹൃത്തുക്കളും എത്തിയതെന്ന് രാജുവിന്റെ സഹോദരിയുടെ പുത്രി ഗുരുപ്രിയ പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാലാണ് ഈ വിവാഹാലോചന വേണ്ടെന്ന് വച്ചതെന്ന് ഗുരുപ്രിയ വെളിപ്പെടുത്തി. അന്നുമുതല്‍ പ്രതികള്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.