താനൂര്‍ ബോട്ടപകടം: ബോട്ടുടമ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി : താനൂര്‍ ബോട്ട് അപകടത്തിലെ 5 പ്രതികളുടെ ജാമ്യ അപേക്ഷയാണ് മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി എസ്. മുരളീകൃഷ്ണ തള്ളിയത്. ഒന്നാം പ്രതി ബോട്ട് ഉടമ പണ്ടാരക്കത്ത് നാസര്‍, മാനേജര്‍ അനില്‍, ഏഴാം പ്രതി കൈതവളപ്പില്‍ ശ്യാം കുമാര്‍, എട്ടാം പ്രതി ബിലാല്‍ ഒമ്പതാം പ്രതി സവാദ് എന്നിവരുടെ അപേക്ഷയാണ് തള്ളിയത്.

അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ജാമ്യം നല്‍കിയാല്‍ പ്രതികള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ജാമ്യ അപേക്ഷ തള്ളിയത്. മത്സ്യ ബോട്ട് യാത്ര ബോട്ട് ആക്കിയ വര്‍ക്ക്‌ഷോപ്പ് ഉടമയുടെയും മഴയും മറ്റും രേഖപ്പെടുത്തേണ്ടതുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം താനൂര്‍ ബോട്ട് അപകടത്തില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പതിനൊന്നാം പ്രതി സെബാസ്റ്റ്യന്‍ ജോസഫ്, പന്ത്രണ്ടാം പ്രതി വി വി പ്രസാദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മാരിടൈം ബോര്‍ഡിലെ ഉദ്യോഗസ്ഥരാണ് ഇരുവരും. നേരത്തേ പത്താം പ്രതി മുഹമ്മദ് റിന്‍ഷാദിന് ജാമ്യം ലഭിച്ചിരുന്നു. ഇയാളുടെ പ്രായം പരിഗണിച്ചായിരുന്നു ജാമ്യം നല്‍കിയത്.

താനൂര്‍ പൂരപ്പുഴയില്‍ ഉണ്ടായ ബോട്ടപകടത്തില്‍ 22 പേരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ വിധിയിന്മേലാണ് മുഹമ്മദ് റിന്‍ഷാദ് ഉള്‍പ്പടെയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

താനൂരില്‍ ബോട്ട് മുങ്ങി മരിച്ച 22 പേരില്‍ 15 പേരും കുട്ടികളായിരുന്നു. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചു. പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്രാങ്കും ലാസ്‌കറുമടക്കം 24 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 52 പേര്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് കണ്ടെത്തല്‍. 2023 മേയ് ഏഴിനായിരുന്നു അപകടം നടന്നത്.

error: Content is protected !!