എടവണ്ണ : കേരള ജൈവ കര്‍ഷക സമിതി, മലപ്പുറം ഏറനാട് താലൂക്ക് കമ്മിറ്റി എടവണ്ണ പൊന്നാം കുന്നില്‍ പ്രത്യേകം സഞ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ‘ സെമിനാര്‍ സംസ്ഥാന വൈ പ്രസിഡണ്ട് ചന്ദ്രന്‍ മാസ്റ്റര്‍ നിള ഉദ്ഘാടനം ചെയ്തു.
ഋതുക്കള്‍ക്കനുസരിച്ച് പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഇലകളും കനികളും ഉപയോഗിക്കേണ്ട രീതികള്‍ വിശദീകരിച്ചു. പ്രകൃതി വിഭവങ്ങളുടെ ശേഖരണവും പാചക രീതികളും അവയിലെ പോഷകങ്ങളും പവര്‍ പോയന്റ് സഹായത്താല്‍ പ്രദര്‍ശിപ്പിച്ചു. നമ്മുടെ മുറ്റത്തും പറമ്പുകളില്‍ നിന്നും ലഭിക്കുന്ന വിവിധയിനം ഇലകള്‍ കൊണ്ടുള്ള കറി തോരന്‍ , കൂട്ടുകറി മുതലായ 15 ഇന വിഭവങ്ങളും തവിട് കളയാത്ത കുത്തരി കൊണ്ടുള്ള ചോറും കൊണ്ടുള്ള ഭക്ഷണം നവ്യാനുഭവമായി.
പ്രസിഡന്റ് ടിപി ബീരാന്‍ക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 2023 ഡിസംബര്‍ 28,29,30 തിയ്യതികളില്‍ ആലുവയില്‍ നടക്കുന്ന ഒഎഫ്എഐ ദേശീയ സമ്മേളനവും മാസികയായ ‘ ഒരേ ജീവന്‍ ഒരേ ഭൂമി ‘ യും സംഘടനാ കാര്യങ്ങളും ജില്ല സെക്രട്ടറി പ്രൊഫസര്‍ ഹാറൂണ്‍ തിരൂരങ്ങാടി വിശദീകരിച്ചു. താലൂക്ക് സെക്രട്ടറി എം. മോതി മാസ്റ്റര്‍, ജൈവകര്‍ഷകന്‍ പി. ഫിറോസ് എടവണ്ണ, ടിപി അബ്ദുറസാഖ് മാസ്റ്റര്‍, സി കൃഷ്ണന്‍ തൃക്കലങ്ങോട്, സിടി കൃഷ്ണന്‍ വടശ്ശേരി എന്നിവര്‍ സംസാരിച്ചു. കൃഷ്ണന്‍ കട്ടച്ചിറ, ടിപി മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നൂറോളം പേര്‍ പങ്കെടുത്തു.