Monday, August 11

മലപ്പുറത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിനതടവിനും ഏഴ് ക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്നപക്ഷം തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു. പോക്സോ ആക്ടിലെ മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. ഫലത്തില്‍ പ്രതി 20 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. പിഴയടക്കാത്തപക്ഷം മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിനതടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്തപക്ഷം രണ്ടുമാസത്തെ അധിക തടവും ശിക്ഷയുണ്ട്.

2020 മുതല്‍ 2022 ജൂണ്‍ വരെ വാടകക്ക് താമസിച്ച വീടുകളിലായിരുന്നു പീഡനം. സ്‌കൂളിലെ കൗണ്‍സലിങ്ങിനിടെ കുട്ടി വിവരം അധ്യാപകരോട് പറഞ്ഞതോടെയാണ് പീഡനവിവരം അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ 2022 ജൂണ്‍ 29ന് മഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ നടത്തണമെന്ന പൊലീസ് അപേക്ഷപ്രകാരം പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.

ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അഡ്വ. എ. സോമസുന്ദരനായിരുന്നു സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. സല്‍മ, പി. ഷാജിമോള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫിസര്‍മാര്‍. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

error: Content is protected !!