യു.എ.ഇയില്‍ മികവുറ്റ സേവനത്തിനുള്ള പ്രധാന അധ്യാപക പുരസ്‌കാരം വേങ്ങര സ്വദേശിക്ക്

വേങ്ങര : ദുബൈ ഇന്ത്യന്‍ കോണ്‍സലേറ്റും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനും സംയുക്താഭിമുഖ്യത്തില്‍ അധ്യാപക ദിനാചരണത്തോടനുബന്ധിച്ച ഏര്‍പ്പെടുത്തിയ യു.എ.ഇയില്‍ മികവുറ്റ സേവനത്തിനുള്ള പ്രധാന അധ്യാപക പുരസ്‌കാരം വേങ്ങര, വലിയോറ പുത്തനങ്ങാടി സ്വദേശി വളപ്പില്‍ അബ്ദുല്ലക്കുട്ടിക്ക്. അജ്മാനില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമ്പത്തിക കാര്യ കോണ്‍സലില്‍ നിന്ന് അബ്ദുല്ലക്കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങി. നിലവില്‍ യു.എ.ഇ യിലെ റാസല്‍ഖയ്മയിലെ ഇന്ത്യന്‍ അസോസിയേഷന് കീഴിലുള്ള സി.ബി.എസ്.ഇ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായ ഇന്ത്യന്‍ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് അബ്ദുല്ലക്കുട്ടി.

ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി രണ്ട് പതിറ്റാണ്ടിലേറെ വിദ്യാഭ്യാസ രംഗത്ത് സേവന പരിചയമുള്ള അബ്ദുല്ലകുട്ടി തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ത്രിപുരയിലെ കേന്ദ്രീയ വിദ്യാലയം, മലപ്പുറത്തെ എം.സി.ടി. ബി.എഡ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും അമേരിക്കയിലെ ന്യൂ ജഴ്‌സിയിലും അദ്ധ്യാപനം നടത്തിയിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് പ്രശസ്തമായ യു.എ.ഇ ലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ വിവിധ നേതൃപദവികളില്‍ സേവനമനുഷ്ടിച്ചതിന് പിന്നാലെ,ദുബൈയിലെ ലിറ്റില്‍ ഫ്‌ലവര്‍ ഇുംഗ്ലീഷ് സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ സ്ഥാനവും ഏറ്റെടുത്ത് പന്ത്രണ്ട് വര്‍ഷം സേവനമനുഷ്ഠിച്ചു. തന്റെ ഈ സേവന കാലയളവില്‍ ദുബൈയിലെ ഈ കലാലയത്തെ മികവിന്റെ കേന്ദ്രമായി രൂപപ്പെടുത്തുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചു. നിലവില്‍ താന്‍ നേതൃത്വം വഹിക്കുന്ന റാസല്‍ ഖൈമയിലെ വിദ്യാലയത്തില്‍ ന്യൂതനവും ക്രിയാത്മകവുമായ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ വ്യാപൃതനാണ് അബ്ദുല്ലക്കുട്ടി.

വലിയൊറ ചിനക്കല്‍ കുറുക സ്‌കൂള്‍, വേങ്ങര ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവയില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം, നിലവില്‍ സ്വയംഭരണ പദവിയുള്ള കോഴിക്കോട്ടെ പ്രശസ്തമായ ഫാറൂഖ് കോളേജില്‍ നിന്ന് ഇുംഗ്ലീഷ് ഭാഷാ സാഹിത്യത്തില്‍ ബിരുദവും തിരൂരങ്ങാടിയിലെ പി.എസ്.എം. ഒ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൊല്ലത്തെ കേരള സര്‍വ്വകലാശാല ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജില്‍ നിന്ന് വിജയകരമായി ബി.എഡ് പഠനം പൂര്‍ത്തിയാക്കിയ അബ്ദുല്ലക്കുട്ടി,കോഴിക്കോട് സര്‍വകലാശാലയിലെ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് എം.എഡും കരസ്ഥമാക്കിയിട്ടുണ്ട്.

യു.എ.ഇ ഗവണ്‍മെന്റ് നടത്തിയ പ്രിന്‍സിപ്പാള്‍ ലൈസന്‍സിനുള്ള പരീക്ഷയില്‍ ആദ്യ ഘട്ടത്തില്‍ തന്നേ മികച്ച വിജയം കൈവരിച്ച അബ്ദുല്ലക്കുട്ടി, പ്രിന്‍സിപ്പാള്‍ ലൈസന്‍സ് നേടുന്ന യു.എ.ഇ യിലെ വിരലിലെണ്ണാവുന്ന മലയാളികളുടെ കൂട്ടത്തില്‍ തിളങ്ങി നില്‍ക്കുന്നു. വലിയോറയിലെ പഴയകാല കലാ സാംസ്‌കാരിക കൂട്ടായ്മയായ ‘ജറ്റിയന്‍സി’ ന്റെ സജീവ പ്രവര്‍ത്തകനും മുന്‍കാല ഫുട്ബാള്‍ പ്ലയറും കലാകാരനും കൂടിയാണ്.

വേങ്ങരയിലെ പഴയകാല വ്യാപാരി, പരേതരായ വളപ്പില്‍ അലവി ഹാജി,മമ്മാദിയ ദമ്പതികളുടെ മകനാണ് അബ്ദുള്ളക്കുട്ടി.മലപ്പുറം സ്വദേശി സി. പി ഫസീലയാണ് ഭാര്യ. ഇവര്‍ക്ക് നാല് മക്കളുണ്ട്.
വളപ്പില്‍ മുഹമ്മദ് ബാപ്പു, കരീം, ഹംസാപ്പു, അബ്ദുല്‍ റഷീദ് എന്നിവര്‍ സസഹോദരങ്ങളാണ്.

error: Content is protected !!