അമ്മച്ചി വിടവാങ്ങിയത് നൂറ്റിപതിമൂന്നാം വയസ്സിൽ
തിരൂരങ്ങാടി: ഏറ്റവും പ്രായം കൂടിയവരിൽ ഉൾപ്പെട്ട നന്നംബ്ര ചെറുമുക്കിലെ വടക്കും പറമ്പിൽ അമ്മച്ചി അന്തരിച്ചു. 113 വയസ്സായിരുന്നു. ഇന്നലെ രാത്രി 10.30 ന് തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ വെച്ചാണ് മരണം.
ചെറുമുക്ക് ചോളാഞ്ചേരി താഴത്താണ് വീട്. 5 മക്കളുണ്ടെങ്കിലും അയൽവാസിയായ പച്ചായി ഇസ്മയിൽ, ഭാര്യ നസീറയും ചേർന്നാണ് ഇവരെ പരിചരിക്കുന്നത്. അതിരാവിലെ ഇസ്മയിലിന്റെ വീട്ടിലെത്തുന്ന ഇവർ രാത്രി ഉറങ്ങാൻ മാത്രമാണ് സ്വന്തം വീട്ടിലേക്ക് പോയിരുന്നത്. ഇവരുടെ ദൈനംദിന കാര്യങ്ങളൊക്കെ ഇവരാണ് നോക്കിയിരുന്നത്. പഴയകാല കർഷക തൊഴിലാളിയാണ്. പ്രായം കൂടിയെങ്കിലും നടക്കാനോ കാഴ്ച്ചക്കോ പ്രയാസങ്ങളില്ലായിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തുന്ന ഇവർ വാർത്ത താരം കൂടി ആയിരുന്നു. ഇന്ന് രാവിലെ 10 ന് സംസ്കാരം നടക്കും.