കോഴിക്കോട്: പിഎംഎ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയര്‍ത്തിയ പ്രതിഷേധത്തെ തള്ളിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍. തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ലെന്ന് കെ ടി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ്ണ സങ്കല്‍പ്പങ്ങളാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പണ്ഡിതന്മാര് പ്രവാചകന്മാരുടെ പിന്മുറക്കാരാണ്. അവര്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതന്മാരുടെ ”മെക്കട്ട്’ കയറാന്‍ നിന്നാല്‍ കയറുന്നവര്‍ക്ക് അത് നഷ്ടക്കച്ചവടമാകുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
കെടി ജലീലിന്റെ ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ്ണ സങ്കല്‍പ്പങ്ങളാണ്. ജന്മിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാന്‍ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്.
പണ്ഡിതന്മാര് പ്രവാചകന്മാരുടെ പിന്മുറക്കാരാണ്. അവര്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതന്മാരുടെ ”മെക്കട്ട്’ കയറാന്‍ നിന്നാല്‍ കയറുന്നവര്‍ക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ *കുടിയാനായി’ കാണുന്ന ചില രാഷ്ട്രീയ ജനമിമാരുടെ ”ആഢ്യത്വം” കയ്യില്‍ വെച്ചാല്‍ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാന്‍ ലീഗ് നേതൃത്വം പഠിക്കണം. ഇങ്ങനെയായിരുന്നു കെടി ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
അതേസമയം സമസ്തയുടെ മസ്തിഷ്കം മുസ്ലിം ലീഗിനൊപ്പമാണെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ പ്രതികരിച്ചത്. തട്ടം വിവാദത്തെ എതിര്‍ക്കുകയാണ് ലീഗ് ചെയ്തതെന്നും സമസ്തയ്ക്ക് ഏതെങ്കിലും തരത്തില്‍ പരാതി ഉള്ളതായി അറിയില്ലെന്നും പിഎംഎ സലാമിന്റെ പരാമര്‍ശത്തില്‍ കുഴപ്പമില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. തട്ടം ഇടാന്‍ പാടില്ല, അത് പരിഷകൃത സമൂഹത്തിന് ചേരില്ല എന്ന് ചിലര്‍ പറഞ്ഞതുകൊണ്ടാണ് സലാം വാര്‍ത്ത സമ്മേളനം നടത്തിയതെന്നും ആരെയും ഉദ്ദേശിച്ചല്ല സലാമിന്റെ പരാമര്‍ശമെന്ന് സലാം തന്നെ പറഞ്ഞിട്ടുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.