മലപ്പുറം : നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം-2023ന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാചക മത്സരം നടത്തി. കേരളീയം-2023ന്റെ ഭക്ഷ്യമേളയിലേക്ക് മികച്ച കാറ്ററിങ് യൂണിറ്റിനെ തെരഞ്ഞെടുക്കുന്നതിനാണ് ജില്ലാ കുടുംബശ്രീയും നിലമ്പൂര്‍ അമല്‍ കോളേജ് ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റും സംയുക്തമായി പാചക മത്സരം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം പി.വി അബ്ദുള്‍ വഹാബ് എം.പി നിര്‍വഹിച്ചു.
ജില്ലയില്‍ നിന്നും 15 ബ്ലോക്കുകളില്‍ നിന്നായി തെരഞ്ഞെടുത്ത 12 യൂണിറ്റുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ യൂണിറ്റുകളില്‍ നിന്നും ബി.സി, എം.ഇ.സിമാര്‍ മുഖേനയാണ് മികച്ച യൂണിറ്റുകളെ തെരഞ്ഞെടുത്തത്. നിലമ്പൂര്‍ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ.കക്കൂത്ത് അധ്യക്ഷത വഹിച്ചു.
അമല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.കെ നൂറുദ്ദീന്‍, ഡോ. ടി. ഷമീര്‍ ബാബു, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വി.ടി ബീന, നിലമ്പൂര്‍ നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വസന്ത, തുടങ്ങിയവര്‍ പങ്കെടുത്തു. അമല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.വി സക്കറിയ സ്വാഗതവും പി. റെനീഷ് നന്ദിയും പറഞ്ഞു.
മത്സരത്തില്‍ ലസീദ് കാറ്ററിങ് വാഴക്കാട് ഒന്നാം സ്ഥാനവും ഫ്രഷ് ആന്റ് ടേസ്റ്റി പെരുമണ്ണ ക്ലാരി രണ്ടാം സ്ഥാനവും ഷില്ലൂസ് മൂന്നാം സ്ഥാനവും നേടി. വേള്‍ഡ് എഗ്ഗ് ഡേയോടനുബന്ധിച്ച് മുട്ട കൊണ്ടുള്ള പലഹാരങ്ങളും മുട്ടയുടെ പ്രയോജനങ്ങളെ കുറിച്ചുള്ള ക്ലാസും പരിപാടിയില്‍ അരങ്ങേറി.